Sanju Samson- Rahul dravid
ഐപിഎല്ലില്‍ കഴിഞ്ഞ സീസണുകളില്‍ മികച്ച പ്രകടനം നടത്തിയ ടീമായിരുന്നു സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ്. ജോസ് ബട്ട്ലര്‍, യൂസ്വേന്ദ്ര ചഹല്‍,ട്രെന്‍ഡ് ബോള്‍ട്ട് എന്നിവരടങ്ങുന്ന ശക്തമായ നിരയെ രാജസ്ഥാന്‍ കൈവിട്ടത് കഴിഞ്ഞ ഐപിഎല്‍ മെഗാതാരലേലത്തിലായിരുന്നു. നിലവിലെ സീസണില്‍ ദയനീയമായ പ്രകടനമാണ് ടീം നടത്തുന്നത്. സങ്കക്കാരയ്ക്ക് പകരം രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായതിന് ശേഷമായിരുന്നു രാജസ്ഥാനില്‍ കാര്യമായ അഴിച്ചുപണി തുടങ്ങിയത്.
ടൂര്‍ണമെന്റ് പുരോഗമിക്കുന്നതിനിടെ നായകന്‍ സഞ്ജു സാംസണും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തമ്മില്‍ സ്വരചേര്‍ച്ചയില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സഞ്ജുവിനെ പരിഗണിക്കാതെ ഏകപക്ഷീയമായാണ് ദ്രാവിഡ് പല തീരുമാനങ്ങളും എടുക്കുന്നത് എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. താരലേലത്തില്‍ ജോസ് ബട്ട്ലറെയും ചഹലിനെയും കൈവിട്ടതിലും ധ്രുവ് ജുറല്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ കൈവിട്ടതിലും തീരുമാനം ദ്രാവിഡിന്റേതായിരുന്നു എന്ന സൂചനകളാണ് പുറത്ത് വരുന്നത്.
ടൂര്‍ണമെന്റിനിടെ പരിക്കേറ്റ സഞ്ജു പരിശീലനത്തിനടക്കം ഉണ്ടായിട്ടും രാജസ്ഥാന്‍ മനപൂര്‍വം താരത്തെ തഴയുകയാണ്. റിയാന്‍ പരാഗിനെ വരുന്ന സീസണുകളില്‍ നായകസ്ഥാനത്തേക്ക് ഉയര്‍ത്തുന്നതിനായാണ് ഈ നീക്കമെന്ന് ആരാധകരും സംശയിക്കുന്നു. ഇപ്പോഴിതാ കൊല്‍ക്കത്തക്കെതിരെ ഇന്നലെ നടന്ന മത്സരത്തിന് മുന്‍പ് സഞ്ജു സാംസണും രാഹുല്‍ ദ്രാവിഡും തമ്മില്‍ വാക്കുതര്‍ക്കം നടന്നെന്ന സൂചനകളാണ് പുറത്തുവരുന്നത്. റിയാന്‍ പരാഗിനെ സാക്ഷിയാക്കി സഞ്ജുവിനോട് ദ്രാവിഡ് തര്‍ക്കിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ നായകസ്ഥാനത്ത് എത്തിയ മുതല്‍ രാജസ്ഥാന്റെ തീരുമാനങ്ങളില്‍ സഞ്ജുവിനും പ്രധാനറോളുണ്ടായിരുന്നു. സംഗക്കാരയും സഞ്ജു സാംസണും ചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുത്തിരുന്നത്. എന്നാല്‍ ദ്രാവിഡ് കോച്ചായതോടെ തീരുമാനം മുഴുവനും ദ്രാവിഡ് എടുക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഡല്‍ഹിക്കെതിരായ സൂപ്പര്‍ ഓവറിലാണ് സഞ്ജുവും ദ്രാവിഡുമായുള്ള ഈ ഭിന്നത പുറത്തുവന്നത്. സൂപ്പര്‍ ഓവറിന് മുന്‍പ് ചേര്‍ന്ന ടീം മീറ്റിങ്ങില്‍ സഞ്ജു വിട്ടുനിന്നതാണ് ഇതിന് തെളിവായി മാറിയത്. രാജസ്ഥാന്‍ ഇതുവരെ പിന്തുടര്‍ന്ന ശൈലി പൊളിച്ചെഴുതുന്നതില്‍ സഞ്ജുവിന് നിരാശയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സഞ്ജു ഫിറ്റ്‌നസ് വീണ്ടെടുത്ത് വരുന്നതോടെ പരാഗിന്റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാകുമെങ്കിലും അടുത്ത ക്യാപ്റ്റനായി പരാഗിനെ കൊണ്ടുവരാനുള്ള നീക്കമാണ് രാജസ്ഥാന്‍ നിലവില്‍ നടത്തുന്നത്. ഇതോടെ സഞ്ജു സാംസണ്‍ അടുത്ത സീസണില്‍ മറ്റേതെങ്കിലും ടീമിലേക്ക് മാറുന്നതാണ് നല്ലതെന്നാണ് ഒരു വിഭാഗം ആരാധകര്‍ പ്രതികരിക്കുന്നത്.