ഏഷ്യാകപ്പില്‍ മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടോപ് ഓര്‍ഡറില്‍ നിന്നും മാറ്റരുതെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ ടീമിന്റെ മുന്‍ പരിശീലകനായ രവിശാസ്ത്രി. വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ മടങ്ങിയെത്തിയെങ്കിലും ഓപ്പണിംഗ് റോളില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിനെ മാറ്റുന്നത് എളുപ്പമാകില്ലെന്നാണ് രവി ശാസ്ത്രി അഭിപ്രായപ്പെടുന്നത്.
ടോപ് ത്രീയിലാണ് സഞ്ജു ഏറ്റവും അപകടകാരി. ആ സ്ഥാനങ്ങളില്‍ കളിച്ചാണ് സഞ്ജു ഇന്ത്യയെ വിജയിപ്പിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ സഞ്ജുവിനെ ആ സ്ഥാനത്ത് നിന്നും മാറ്റരുത്. ഉപനായകനായി ഗില്‍ ടീമിലുണ്ടെങ്കിലും സഞ്ജുവിനെ ഓപ്പണിംഗ് റോളില്‍ നിലനിര്‍ത്തി മറ്റേതെങ്കിലും താരത്തിന് പകരം ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. ടി20യില്‍ സഞ്ജു ഇപ്പോള്‍ കളിക്കുന്ന പൊസിഷനില്‍ തുടരണം.കാരണം ടോപ് ഓര്‍ഡറില്‍ സഞ്ജു ഇതിനകം തന്നെ 3 സെഞ്ചുറികള്‍ നേടി കഴിഞ്ഞു.
യുഎഇയിലെ സാഹചര്യം സ്പിന്നര്‍മാരെയാകും തുണയ്ക്കുക. അഫ്ഗാന്‍ അടക്കമുള്ള ടീമുകള്‍ മൂന്നോ നാലോ സ്പിന്നര്‍മാരെ ടീമിലുള്‍പ്പെടുത്തിയാകും ഇറങ്ങുക. ഇന്ത്യയും ടീമില്‍ രണ്ടോ മൂന്നോ സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. രവി ശാസ്ത്രി പറഞ്ഞു. സെപ്റ്റംബര്‍ 10ന് യുഎഇക്കെതിരെയാണ് ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.