Sanju Samson: പ്ലേയിങ് ഇലവനില്‍ സഞ്ജുവിനു സ്ഥാനമില്ല? ബാറ്റിങ് പരിശീലനം നടത്തിയത് ആറ് പേര്‍, ജിതേഷിനു മുന്‍ഗണന
സഞ്ജു പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോ എന്ന ചര്‍ച്ചകള്‍ ചൂടുപിടിച്ചു നില്‍ക്കുമ്പോഴാണ് പരിശീലന സെഷനില്‍ താരം രണ്ടാം നിരയിലേക്ക് തഴയപ്പെട്ടതായി ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്
Sanju Samson: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം ദുബായില്‍ പരിശീലനം ആരംഭിച്ചു. ഐസിസി അക്കാദമിയില്‍ നടക്കുന്ന പ്രാക്ടീസ് സെഷനില്‍ മറ്റു ബാറ്റര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ വളരെ കുറവ് സമയമേ ബാറ്റിങ് പരിശീലനം നടത്തിയിട്ടുള്ളൂ.
സഞ്ജു പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോ എന്ന ചര്‍ച്ചകള്‍ ചൂടുപിടിച്ചു നില്‍ക്കുമ്പോഴാണ് പരിശീലന സെഷനില്‍ താരം രണ്ടാം നിരയിലേക്ക് തഴയപ്പെട്ടതായി ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വാം അപ്പ് സ്പ്രിന്റ്‌സ്, ഫീല്‍ഡിങ് പരിശീലനം, റെഡ് ഐസ് ബോക്‌സ് പരിശീലനം എന്നിവയില്‍ സജീവ സാന്നിധ്യമായിരുന്ന സഞ്ജുവിന് ബാറ്റിങ് പരിശീലനം നടത്താന്‍ സമയം ലഭിച്ചിട്ടില്ല.
നെറ്റ്‌സില്‍ മൂന്ന് സെന്ററുകളിലായി ശുഭ്മാന്‍ ഗില്‍, ജിതേഷ് ശര്‍മ, റിങ്കു സിങ് എന്നിവരാണ് കൂടുതല്‍ സമയം ബാറ്റിങ് പരിശീലനം നടത്തിയത്. ഗില്‍ ഉറപ്പായും പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്നും ഓപ്പണറായി ഇറങ്ങുമെന്നും സൂചന നല്‍കുന്ന തരത്തിലായിരുന്നു നെറ്റ്‌സിലെ പരിശീലനത്തിന്റെ ദൈര്‍ഘ്യം.
ആദ്യ മണിക്കൂറുകളില്‍ നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തിയത് ആറ് താരങ്ങള്‍. ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, റിങ്കു സിങ്. അതില്‍ തന്നെ ഗില്ലും അഭിഷേകും ആയിരുന്നു ഒന്നിച്ച് പരിശീലനം നടത്തിയത്. ഇവര്‍ തന്നെയായിരിക്കും ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവര്‍. നെറ്റ്‌സില്‍ അര്‍ഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ എന്നിവരെ നേരിടുകയായിരുന്നു ഗില്ലും അഭിഷേക് ശര്‍മയും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ ജിതേഷ് ശര്‍മയ്ക്കു കൂടുതല്‍ സമയം ബാറ്റിങ് പരിശീലനം അനുവദിച്ചു. സഞ്ജുവിനു ബാറ്റിങ് പരിശീലനം നടത്താന്‍ അനുവദിച്ചത് വളരെ കുറച്ച് സമയം മാത്രമാണ്.