Publish Date: Wed, 29 Sep 2021 (15:15 IST)
Updated Date: Wed, 29 Sep 2021 (15:34 IST)
ഐപിഎല്ലിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിന് ഇന്ന് ജീവൻമരണപോരാട്ടം. വിരാട് കോലി നയിക്കുന്ന റോയൽ ബാംഗ്ലൂർ ചാലഞ്ചേഴ്‌സുമായി രാത്രി 7:30നാണ് മത്സരം. സഞ്ജു സാംസൺ ഒഴികെയാരും ഫോമിലല്ല എന്നുള്ളതാണ് രാജസ്ഥാൻ നേരിടുന്ന പ്രധാനപ്രശ്‌നം.
സഞ്ജു സാംസൺ അല്ലാതെ സീസണിൽ 200 റണ്‍സ് കടന്ന താരങ്ങളാരും രാജസ്ഥാന്‍ റോയല്‍സ് ടീമിലില്ല. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പോന്ന ബൗളര്‍മാരുടെ അഭാവവും പോരാട്ടത്തിന് ഇറങ്ങും മുമ്പെ റോയല്‍സിനെ പിന്നോട്ടടിക്കും. അതേസമയം മുംബൈ ഇന്ത്യൻസിനെതിരെ നേടിയ വമ്പൻ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് കോലിയും സംഘവും ഇന്നെത്തുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്ലും ഡിവിലിയേഴ്‌സും കൂടുതല്‍ സമയം ക്രീസിലുറച്ചാല്‍ രാജസ്ഥാന് ഇന്നും കാര്യങ്ങള്‍ കൈവിട്ടുപോകും.
പതിനൊന്നാം മത്സരത്തിനിറങ്ങുമ്പോൾ ബാംഗ്ലൂരിന് 12ഉം രാജസ്ഥാന് എട്ടും പോയിന്റാണ് സമ്പാദ്യം.സഞ്ജു ബാംഗ്ലൂരിനെതിരെ പതിനേഴാം മത്സരത്തിനാണ് ഇറങ്ങുന്നത്. ആകെ 16 കളിയില്‍ 280 റണ്‍സ് ആണ് ഇതുവരെ സഞ്ജു ബാംഗ്ലൂരിനെതിരെ നേടിയിട്ടുള്ളത്. 2018ലെ സീസണില്‍ 45 പന്തില്‍ പുറത്താകാതെ 92 റണ്‍സ് എടുത്തതാണ് ബാംഗ്ലൂരിനെതിരെയുള്ള സഞ്ജുവിന്റെ ഉയർന്ന സ്കോർ.