മണിപ്പൂരിന്റെ ഇടംകയ്യൻ ഫാസ്റ്റ് ബോളർ അപൂർവങ്ങളിൽ അപൂർവമായ നേട്ടം സ്വന്തമാക്കി ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്. കൂച്ച് ബെഹാർ ട്രോഫിയിൽ ടീം അരുണാചൽ പ്രദേശിന്റെ പത്ത് വിക്കറ്റുകളും ഈ പതിനെട്ടുകാരൻ സ്വന്തം പേരിൽ കുറിച്ചു.
ഈ സീസണിൽ ഇന്നിംഗ്സിൽ പത്ത് വിക്കറ്റുകൾ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് റെക്സ് സിംഗ്. പുതുച്ചേരിയുടെ ഇടംകയ്യൻ സ്പിന്നറായ സിഡക് സിംഗാണ് ഈ സീസണിൽ ആദ്യമായി ഇന്നിംഗ്സിൽ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.
ഇന്നിംഗ്സിൽ റെക്സ് ആകെ എറിഞ്ഞ് 9.5 ഓവറുകളാണ്. ഇതിൽ ആറ് ഓവറുകളിലും ഒരു റൺ പോലും റെക്സ് വഴങ്ങിയിട്ടില്ല എന്നതാണ് ഏറെ ശ്രദ്ദേയം. ഇതോടെ ടീം അരുണാചൽ പ്രദേശിന് മത്സരത്തിൽ തോൽവി വഴങ്ങേണ്ടി വന്നു. ഈ സീസണിൽ തന്നെ രഞ്ജി ട്രോഫിയിലൂടെയാണ് റെക്സ് സിംഗ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളും ഒരു വിജയ് ഹസാരെ ട്രോഫിയും റെക്സ് മണിപ്പൂരിനുവേണ്ടി കളിച്ചിട്ടുണ്ട്. റെക്സ് സിംഗിന്റെ ബൌളിംഗ് ശൈലി ഇർഫൻ പത്താനെ അനുസ്മരിപ്പിക്കുന്നു എന്നാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഇന്റർനാഷ്ണൽ ക്രിക്കറ്റിലേക്കുള്ള റെക്സിന്റെ വരവിനായാണ് ക്രിക്കറ്റ് പ്രേമികളുടെ ഇനിയുള്ള കാത്തിരിപ്പ്. മുൻ ഇന്ത്യൻ താരങ്ങളായ സുഭാഷ് ഗുപ്തയും, അനിൽ കുംബ്ലെയും ഇന്റർ നാഷ്ണൽ ക്രിക്കറ്റിൽ സ്വന്തമാക്കിയ 10 വിക്കറ്റ് നേട്ടം റെക്സിനും ആവർത്തിക്കാനായേക്കും എന്നാണ് ക്രിക്കറ്റ് പ്രേമികളുടെ കണക്കുകൂട്ടൽ