Rishabh Pant: ഒടുവില്‍ ഇംഗ്ലണ്ടിനും സമ്മതിക്കേണ്ടിവന്നു; മുടന്തി മുടന്തി ക്രീസിലേക്ക്, കൈയടിച്ച് എതിര്‍ ടീം ആരാധകരും (വീഡിയോ)
Rishabh Pant: ശര്‍ദുല്‍ താക്കൂറിന്റെ വിക്കറ്റ് നഷ്ടമായപ്പോഴാണ് റിഷഭ് പന്ത് വീണ്ടും ക്രീസിലെത്തിയത്
Rishabh Pant: കാലിലെ പരുക്കിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായ റിഷഭ് പന്ത് രണ്ടാം ദിനമായ ഇന്ന് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ മാഞ്ചസ്റ്ററിലെ എമിറേറ്റ്‌സ് ഓള്‍ഡ് ട്രഫോര്‍ഡ് സ്റ്റേഡിയം ആവേശംകൊണ്ടു. ഡ്രസിങ് റൂമില്‍ നിന്ന് പന്ത് ക്രീസിലെത്തുന്നതുവരെ നിലയ്ക്കാത്ത കൈയടി..!
ശര്‍ദുല്‍ താക്കൂറിന്റെ വിക്കറ്റ് നഷ്ടമായപ്പോഴാണ് റിഷഭ് പന്ത് വീണ്ടും ക്രീസിലെത്തിയത്. ഡ്രസിങ് റൂമില്‍ നിന്ന് ഇറങ്ങിയ പന്ത് മുടന്തിയാണ് ഗ്രൗണ്ടിലേക്ക് എത്തിയത്. കാലില്‍ ശക്തമായ വേദന ഇപ്പോഴും ഉണ്ടെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം. പന്ത് ക്രീസിലേക്ക് എത്തുന്നതുവരെ നിലയ്ക്കാത്ത കൈയടി. ഇന്ത്യന്‍ ആരാധകര്‍ മാത്രമല്ല, ഇംഗ്ലണ്ട് ആരാധകരും പന്തിന്റെ പോരാട്ടവീര്യത്തിനു എഴുന്നേറ്റുനിന്ന് കൈയടിച്ചു.
അതേസമയം ഇംഗ്ലണ്ട് ബൗളര്‍മാര്‍ തുടര്‍ച്ചയായി പന്തിന്റെ പരുക്കേറ്റ കാലിനെ ഉന്നംവെച്ച് പന്തെറിയുകയാണ്. പലപ്പോഴും പന്ത് കാലില്‍ കൊള്ളുമ്പോള്‍ ഇന്ത്യന്‍ താരം ശക്തമായ വേദന അനുഭവിക്കുന്നുണ്ട്. ഇന്ത്യ പ്രതിരോധത്തിലായപ്പോള്‍ താന്‍ ഇറങ്ങാമെന്ന് പന്ത് തന്നെയാണ് ടീം മാനേജ്‌മെന്റിനെ അറിയിച്ചത്. പരുക്കേറ്റ ശേഷം പന്തിനെ സ്‌കാനിങ്ങിനു വിധേയനാക്കിയിരുന്നു. ആറ് ആഴ്ച വിശ്രമമാണ് ഡോക്ടര്‍മാര്‍ താരത്തിനു നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ പരമ്പരയിലെ അഞ്ചാം ടെസ്റ്റ് പന്ത് കളിക്കില്ല.