Rishab Pant Manchester Test
മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ആദ്യദിനത്തില്‍ കാലിന് പരിക്കേറ്റിട്ടും രണ്ടാം ദിനത്തില്‍ ബാറ്റിങ്ങിനിറങ്ങി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത്. മത്സരത്തിന്റെ ആദ്യദിനത്തിലെ 68മത്തെ ഓവറില്‍ 37 റണ്‍സില്‍ നില്‍ക്കെയാണ് ക്രിസ് വോക്‌സിന്റെ പന്തില്‍ റിഷഭ് പന്തിന്റെ കാലില്‍ പരിക്കേറ്റത്. ഇതോടെ വേദന കാരണം പന്തിന് കളിക്കളത്തില്‍ നിന്നും മടങ്ങേണ്ടി വന്നിരുന്നു. സ്‌കാനിങ്ങില്‍ എല്ലിന് പൊട്ടല്‍ സ്ഥിരീകരിച്ചതോടെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ റിഷഭ് പന്ത് ബാറ്റിങ്ങിനിറങ്ങില്ലെന്നാണ് ഇന്ത്യന്‍ ആരാധകരെല്ലാം പ്രതീക്ഷിച്ചത്.
എന്നാല്‍ മത്സരത്തില്‍ ഇന്ത്യയുടെ ആറാമത്ത വിക്കറ്റും വീണതോടെയാണ് റിഷഭ് പന്ത് മൈതാനത്തെത്താന്‍ നിര്‍ബന്ധിതനായത്.ആറാമതായി മടങ്ങിയ ഷാര്‍ദൂല്‍ താക്കൂര്‍ റിഷഭ് പന്ത് മൈതാനത്തെത്തും വരെ കാത്ത് നിന്നതിന് ശേഷം റിഷഭിന്റെ പുറത്ത് തട്ടിയാണ് ബാറ്റിങ്ങിന് പറഞ്ഞയച്ചത്.ബാറ്റിങ്ങിനിറങ്ങി 2 റണ്‍സ് കൂടി സ്‌കോറില്‍ ചേര്‍ത്തോടെ മത്സരം ഉച്ചഭക്ഷണത്തിനായി പിരിയുകയായിരുന്നു. റിഷഭ് പന്തിന്റെ പോരാട്ടവീര്യത്തെ കാണികള്‍ ഒന്നടങ്കം കയ്യടിച്ചാണ് സ്വീകരിച്ചത്. ഇതോടെ മത്സരത്തിന്റെ രണ്ടാം ഇന്നിങ്ങ്‌സിലും പന്ത് ബാറ്റിങ്ങിനിറങ്ങുമെന്ന് ഉറപ്പായി. ഉച്ചഭക്ഷണത്തിനായി പിരിയുമ്പോള്‍ 105 ഓവറില്‍ 321 റണ്‍സിന് 6 വിക്കറ്റെന്ന നിലയിലാണ് ഇന്ത്യ.