Rishabh Pant's Wicket: 'ആ ഷോട്ട് വേണ്ടായിരുന്നു'; പന്തിന്റെ വിക്കറ്റില്‍ നെറ്റി ചുളിച്ച് ഗില്‍ (വീഡിയോ)
എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 42 പന്തില്‍ 25 റണ്‍സെടുത്താണ് റിഷഭ് പന്ത് പുറത്തായത്
Shubman Gill and Rishabh Pant
Rishabh Pant's Wicket: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ താരമാണ് റിഷഭ് പന്ത്. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും 'പന്ത് മാജിക്' ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ച ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശപ്പെടേണ്ടിവന്നു.
എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 42 പന്തില്‍ 25 റണ്‍സെടുത്താണ് റിഷഭ് പന്ത് പുറത്തായത്. സ്പിന്നര്‍ ഷോയ്ബ് ബാഷിറിന്റെ പന്തില്‍ സാക് ക്രൗലിക്ക് ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്.
പന്തിനെ റിസ്‌ക്കി ഷോട്ടുകള്‍ക്ക് പ്രേരിപ്പിച്ച് വിക്കറ്റ് സ്വന്തമാക്കുകയെന്ന തന്ത്രമാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് പ്രയോഗിച്ചത്. പന്ത് ആക്രമിച്ചു കളിക്കുമ്പോള്‍ വിക്കറ്റ് ഉറപ്പാണെന്നു മനസിലാക്കിയ സ്റ്റോക്‌സ് അതിനനുസരിച്ചുള്ള ഫീല്‍ഡും ഒരുക്കി. പന്തിന്റെ വിക്കറ്റ് അനാവശ്യ ഷോട്ടിലൂടെയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. അതിനിടയിലാണ് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ നിരാശപ്രകടിപ്പിക്കുന്ന ദൃശ്യങ്ങളും ചര്‍ച്ചയായിരിക്കുന്നത്.
പന്തിന്റെ വിക്കറ്റിനു പിന്നാലെ അല്‍പ്പം അസ്വസ്ഥനായാണ് ഗില്ലിനെ കാണുന്നത്. പന്തിന്റെ അനാവശ്യ ഷോട്ടിലുള്ള അതൃപ്തി ഗില്ലിന്റെ മുഖത്ത് പ്രകടമായിരുന്നു. നിര്‍ണായക സമയത്ത് വിക്കറ്റ് നഷ്ടപ്പെടുത്തിയതാണ് ഗില്ലിനു പന്തിനോടു നീരസം തോന്നാല്‍ കാരണമെന്ന് ആരാധകര്‍ പറയുന്നു.