Sanju Samson: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിക്കാതിരിക്കാന്‍ കാരണം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റേയും നായകന്‍ രോഹിത് ശര്‍മയുടെയും നിലപാട്. ടീം സെലക്ഷന്‍ സമയത്ത് തിലക് വര്‍മയ്ക്കും സൂര്യകുമാര്‍ യാദവിനും വേണ്ടി രോഹിത്തും ദ്രാവിഡും വാശിപിടിച്ചെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ദ്രാവിഡുമായും രോഹിത്തുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് തിലക് വര്‍മയും സൂര്യകുമാര്‍ യാദവും 17 അംഗ സ്‌ക്വാഡില്‍ ഉണ്ടായിരിക്കണമെന്ന് രോഹിത്തും ദ്രാവിഡും നിലപാടെടുത്തത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ തിലക് മികച്ച പ്രകടനം നടത്തിയെന്നും നാലാം നമ്പറില്‍ സ്ഥിരതയുള്ള ബാറ്ററാകാന്‍ യുവതാരത്തിനു കഴിയുമെന്നും രോഹിത്തും ദ്രാവിഡും പ്രതീക്ഷ പ്രകടിപ്പിച്ചു. പാര്‍ട് ടൈം ബൗളറായി ഉപയോഗിക്കാമെന്നതും തിലകിന് തുണയായി. തുടര്‍ച്ചയായി ഏകദിനങ്ങളില്‍ പരാജയപ്പെടുന്ന സൂര്യക്ക് വീണ്ടും അവസരം നല്‍കണമെന്നായിരുന്നു നായകന്‍ രോഹിത് ശര്‍മയുടെ നിലപാട്. അഞ്ചോ ആറോ നമ്പറില്‍ ഇറങ്ങി ട്വന്റി 20 യിലെ പോലെ മികച്ച ഫിനിഷിങ് നടത്താനുള്ള കഴിവ് സൂര്യക്കുണ്ടെന്നാണ് രോഹിത് വാദിച്ചത്. ഏകദിനത്തില്‍ ധോണിക്ക് ശേഷം മികച്ചൊരു ഫിനിഷറെ ഇന്ത്യക്ക് ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ അവസരങ്ങള്‍ നല്‍കിയാല്‍ സൂര്യക്ക് ഈ സ്ഥാനത്തേക്ക് എത്താന്‍ സാധിക്കുമെന്നും ദ്രാവിഡും രോഹിത്തും അഗാര്‍ക്കറെ അറിയിച്ചു. നായകന്റേയും പരിശീലകന്റേയും പിന്തുണയാണ് തിലകിനും സൂര്യക്കും കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഇവര്‍ രണ്ട് പേരും 17 അംഗ സ്‌ക്വാഡിലേക്ക് എത്തിയതോടെ സഞ്ജുവിന് അവസരം നഷ്ടമായി.
അതേസമയം ഏകദിനത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ സൂര്യകുമാറിനേക്കാള്‍ മികവ് പുലര്‍ത്തിയിട്ടുള്ള താരമാണ് സഞ്ജു. ഫിനിഷര്‍ എന്ന നിലയില്‍ തിളങ്ങാനും സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 24 ഇന്നിങ്സുകളില്‍ നിന്ന് 24.33 ശരാശരിയില്‍ 511 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ നേടിയിരിക്കുന്നത്. 101.39 ആണ് സ്ട്രൈക്ക് റേറ്റ്. അര്‍ധ സെഞ്ചുറി നേടിയിരിക്കുന്നത് രണ്ട് തവണ മാത്രം. സഞ്ജു സാംസണ്‍ 12 ഏകദിന ഇന്നിങ്സുകളില്‍ നിന്ന് 55.71 ശരാശരിയില്‍ 390 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ച് തവണ പുറത്താകാതെ നിന്നു. മൂന്ന് അര്‍ധ സെഞ്ചുറിയും താരം ഏകദിനത്തില്‍ നേടിയിട്ടുണ്ട്. തിലക് വര്‍മയാകട്ടെ ഇതുവരെ ഇന്ത്യക്കായി ഒരു ഏകദിനം പോലും കളിച്ചിട്ടില്ല.