പരമ്പര നഷ്ടം ലോകാവസാനം ഒന്നുമല്ല, ശ്രീലങ്ക ഞങ്ങളേക്കാള്‍ നന്നായി കളിച്ചു: രോഹിത് ശര്‍മ
ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര 2-0 ത്തിനാണ് ഇന്ത്യ കൈവിട്ടത്
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ടപ്പെട്ടതിനു പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. പരമ്പര നഷ്ടം ലോകാവസാനം അല്ലെന്നും ഇന്ത്യന്‍ ടീം വീഴ്ചകളില്‍ നിന്ന് പഠിച്ച് തിരിച്ചുവരുമെന്നും രോഹിത് പറഞ്ഞു. ഇന്ത്യക്കു വേണ്ടി ഇറങ്ങുമ്പോള്‍ അലസ മനോഭാവത്തോടെ കളിക്കുക എന്നത് താന്‍ ക്യാപ്റ്റനായിരിക്കുമ്പോള്‍ ഒരിക്കലും നടക്കില്ലെന്നും രോഹിത് പറഞ്ഞു.
' ശ്രീലങ്കയില്‍ നേരിട്ട സ്പിന്‍ പ്രശ്‌നം അത്ര വലിയ ആശങ്കയായി ഞാന്‍ കാണുന്നില്ല. എങ്കിലും ഞങ്ങള്‍ ഓരോരുത്തരും വ്യക്തിപരമായും ഗെയിം പ്ലാനിലും കാര്യമായ വിലയിരുത്തല്‍ നടത്തണം. ഇന്ത്യക്കു വേണ്ടി കളിക്കുമ്പോള്‍ അലസമായി കളിക്കുക എന്നത് തമാശയാണ്, ഞാന്‍ ക്യാപ്റ്റനായിരിക്കുമ്പോള്‍ അതിനുള്ള സാധ്യതയേ ഇല്ല. അതേസമയം നല്ല ക്രിക്കറ്റ് കളിക്കുന്നവരെ അഭിനന്ദിക്കണം. ശ്രീലങ്ക ഞങ്ങളേക്കാള്‍ നന്നായി കളിച്ചു,'
' ഞങ്ങള്‍ സാഹചര്യത്തിനു അനുസരിച്ച് കളിക്കണമായിരുന്നു. അതിനുവേണ്ട വ്യത്യസ്ത ടീം കോംബിനേഷന്‍ ഞങ്ങള്‍ ഉണ്ടായിരുന്നു. ഇത്തരത്തിലൊരു സാഹചര്യത്തില്‍ ഇനി കളിക്കാന്‍ വരുമ്പോള്‍ ഞങ്ങള്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ മേഖലകള്‍ ഉണ്ട്. സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു, പരമ്പര നഷ്ടം ഒരിക്കലും ലോകത്തിന്റെ അവസാനമല്ല. നിങ്ങള്‍ക്ക് ഇവിടെ ഏകദിന പരമ്പര നഷ്ടപ്പെട്ടിരിക്കാം. പക്ഷേ തോല്‍വിക്കു ശേഷം എങ്ങനെ നിങ്ങള്‍ തിരിച്ചുവരുന്നു എന്നതിലാണ് കാര്യം,' രോഹിത് പറഞ്ഞു.
ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര 2-0 ത്തിനാണ് ഇന്ത്യ കൈവിട്ടത്. ആദ്യ ഏകദിനം സമനിലയായപ്പോള്‍ അവസാന രണ്ട് ഏകദിനങ്ങളും ലങ്ക ജയിച്ചു. 1997 നു ശേഷം ആദ്യമായാണ് ശ്രീലങ്ക ഇന്ത്യക്കെതിരായ ഏകദിന പരമ്പര ജയിക്കുന്നത്.