Breaking News: 'ഗുസ്തിയോടു വിട, ഞാന്‍ തോറ്റു'; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
2001 ല്‍ ആരംഭിച്ച കരിയറിനാണ് വിനേഷ് ഫോഗട്ട് ഇപ്പോള്‍ ഫുള്‍സ്റ്റോപ്പ് ഇട്ടിരിക്കുന്നത്
Vinesh Phogat: ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാരീസ് ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെയാണ് ഫോഗട്ടിന്റെ വിരമിക്കല്‍ പ്രഖ്യാപനം. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
' ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റു. എന്നോടു ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്‌നവും എന്റെ ധൈര്യവും തകര്‍ന്നിരിക്കുന്നു. എനിക്ക് ഇനി കൂടുതല്‍ ശക്തിയില്ല. ഗുസ്തിക്ക് വിട' വിനേഷ് ഫോഗട്ട് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
2001 ല്‍ ആരംഭിച്ച കരിയറിനാണ് വിനേഷ് ഫോഗട്ട് ഇപ്പോള്‍ ഫുള്‍സ്റ്റോപ്പ് ഇട്ടിരിക്കുന്നത്. പാരീസ് ഒളിംപിക്‌സിന്റെ 50 കിലോഗ്രാം വനിതകളുടെ ഗുസ്തിയിലാണ് ഫോഗട്ട് ഇത്തവണ മത്സരിച്ചത്. ഫൈനലിലേക്ക് പ്രവേശനം നേടുകയും ചെയ്തു. എന്നാല്‍ ഫൈനലിനു മുന്‍പ് നടത്തിയ ഭാരപരിശോധനയില്‍ ഫോഗട്ടിന്റെ ശരീരഭാരം 50 കിലോയേക്കാള്‍ കൂടുതല്‍ ആണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തെ അയോഗ്യയാക്കിയത്. ഒളിംപിക്‌സില്‍ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് യുണൈറ്റഡ് വേള്‍ഡ് റസലിങ് തലവന്‍ നെനാദ് ലലോവിച് പറഞ്ഞു.