രോഹിതും റായിഡുവും താണ്ഡവമാടി; വിന്‍ഡീസ് തവിടുപൊടി!

തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (21:49 IST)
വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 224 റണ്‍സിനാണ് വിന്‍ഡീസിനെ ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യയ്ക്കുവേണ്ടി രോഹിത് ശര്‍മയും അമ്പാട്ടി റായിഡുവും സെഞ്ച്വറി നേടി. 
 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 378 റണ്‍സ് എന്ന പടുകൂറ്റന്‍ ലക്‍ഷ്യമാണ് വിന്‍ഡീസിന് മുന്നിലേക്ക് വച്ചത്. എന്നാല്‍ 82 പന്തുകള്‍ അവശേഷിക്കേ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍‌മാര്‍ 153 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ച് കൂടാരം കയറി.
 
രോഹിത് ശര്‍മ മാത്രം ബാറ്റ് ചെയ്തിരുന്നു എങ്കിലും വിന്‍ഡീസ് ജയിക്കുമായിരുന്നില്ല എന്നാണ് ചിലര്‍ ട്രോള്‍ ചെയ്തത്. 137 പന്തുകളില്‍ നിന്ന് 20 ഫോറുകളും നാല് സിക്സുകളുമടങ്ങിയ 162 റണ്‍സാണ് രോഹിതിന്‍റെ സമ്പാദ്യം. രോഹിതിന്‍റെ റണ്‍സിലേക്കെത്താന്‍ പോലും വിന്‍ഡീസിന് കഴിഞ്ഞില്ല.
 
അമ്പാട്ടി റായിഡു വെറും 80 പന്തുകളില്‍ നിന്നാണ് സെഞ്ച്വറി നേടിയത്. ശിഖര്‍ ധവാന്‍ (38), എം എസ് ധോണി (23) എന്നിവരും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. നാലാം സെഞ്ച്വറി പ്രതീക്ഷയുമായി എത്തിയ ക്യാപ്‌ടന്‍ കോഹ്‌ലിക്ക് 16 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇന്ത്യക്കെതിരായ പരമ്പരയില്‍ സ്‌മിത്തും വാര്‍ണറും കളിക്കുമോ ?; നിലപാടറിയിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ