ആരാധകർക്ക് ആശ്വാസവാർത്ത, ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ രോഹിത് തിരിച്ചെത്തും

അഭിറാം മനോഹർ

ബുധന്‍, 19 ഫെബ്രുവരി 2020 (11:15 IST)
ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ പരിക്കേറ്റ ഇന്ത്യൻ സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് റിപ്പോർട്ട്. നേരത്തെ പരിക്ക് മൂലം ഈ പരമ്പരയും രോഹിത്തിന് നഷ്ടമാവുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇൻസ്റ്റാഗ്രാമിൽ രോഹിത് ജിമ്മിൽ പരിശീലിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടതോടെയാണ് പരിക്കിൽ നിന്നും താരം മോചിതനായെന്ന സൂചനകൾ ലഭിച്ചത്.
 
നേരത്തെ കിവികൾക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ രോഹിത്തിന്റെ തുടയിലെ മസിലിനായിരുന്നു പരിക്കേറ്റത്. ഇതിനെ തുടർന്ന് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയും ടെസ്റ്റ് മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. എന്നാൽ ന്യൂസിലൻഡ് പര്യടനത്തിന് ശേഷമുള്ള ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ഏകദിന പരമ്പരയിൽ താരത്തിന് ടീമിനൊപ്പം ചേരാൻ സാധിക്കും.
 
മൂന്ന് മത്സരങ്ങളായിരിക്കും ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പരമ്പരയിലുണ്ടാവുക. മാർച്ച് 12ന് ധർമ്മശാലയിലാണ് പരമ്പരയിലെ ആദ്യ മത്സരം. പരമ്പര പൂർത്തിയാക്കുന്നതോടെ മാർച്ച് മാസം അവസാനം ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളിലും താരം പങ്കെടുക്കും.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആദ്യ ടെസ്റ്റിൽ കളിക്കാനിറങ്ങുന്നത് കോലിയെ വീഴ്‌ത്താനെന്ന് ട്രെൻഡ് ബോൾട്ട്