റെക്കോർഡുകളുടെ രാജാവ് രോഹിത്, ലക്ഷ്യം യുവരാജ് ?

ബുധന്‍, 14 ഓഗസ്റ്റ് 2019 (15:03 IST)
ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ട്രിനിഡാഡില്‍ നടക്കാനിരിക്കെ വമ്പന്‍ റെക്കോര്‍ഡുകള്‍ ലക്ഷ്യമാക്കി കളിക്കാനിറങ്ങുകയാണ് ഹിറ്റ്മാൻ രോഹിത് ശർമ. റെക്കോർഡിനരികെയാണ് രോഹിത് ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. 
 
പരമ്പരയില്‍ രണ്ടാം മത്സരം ജയിച്ച ഇന്ത്യ 1-0 എന്ന നിലയില്‍ മുന്നിലാണ്. ആദ്യമത്സരം മഴമൂലം മുടങ്ങിയിരുന്നു. മുന്‍ ഇന്ത്യന്‍താരം യുവരാജ് സിങ്ങിനെ മറികടക്കാനാണ് ഇന്നത്തെ മത്സരത്തിലൂടെ രോഹിത് ശ്രമിക്കുക. ഏകദിന ക്രിക്കറ്റില്‍ 26 റണ്‍സ് കൂടി നേടിയാല്‍ രോഹിത്തിന് യുവരാജിന്റെ റണ്‍സ് മറികടക്കാനാകും. 
 
304 മത്സരങ്ങളില്‍നിന്നും 8701 റണ്‍സാണ് ഏകദിന കരിയറില്‍ യുവരാജിന്റെ സമ്പാദ്യം. 217 മത്സരങ്ങളിൽ നിന്നായി രോഹിത് ഇതുവരെ 8676 റണ്‍സ് നേടിക്കഴിഞ്ഞു. കൂടുതൽ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് ഏഴാം സ്ഥാനത്തേക്കുയരും. നിലവിൽ എട്ടാം സ്ഥാനത്താണ് രോഹിതുള്ളത്. 
 
ഇന്ത്യയ്‌ക്കെതിരായ മൂന്നാം മത്സരം വെസ്റ്റിന്‍ഡീസിന് നിര്‍ണായകമാണ്. തോറ്റാല്‍ പരമ്പര നഷ്ടമാകും. ജയിച്ചാല്‍ പരമ്പരയില്‍ ഒപ്പമെത്താനെങ്കിലും കഴിയും. അതിനാൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാനായിരിക്കും വിൻഡീസ് ശ്രമിക്കുക.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഗെയിലിനെ പിന്നിലാക്കി ഭുവനേശ്വര്‍ ആ നേട്ടം സ്വന്തമാക്കുമോ ?