Sahibsada Farhan: 'ക്യാച്ചൊക്കെ ഇങ്ങനെ കളയാമോ'; ഇന്ത്യയുടെ ഫീല്‍ഡിങ്ങില്‍ പിഴവില്‍ പൂജ്യത്തില്‍ നിന്ന് 58 ലേക്ക് !
സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സൊന്നും പിറക്കാത്ത സമയത്ത് പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റ് വീഴ്ത്താനുള്ള സുവര്‍ണാവസരം ഇന്ത്യ തുലച്ചു
Sahibsada Farhan Half Century Celebration
Sahibsada Farhan: ഓപ്പണര്‍ സാഹിബ്‌സദയുടെ അര്‍ധ സെഞ്ചുറി മികവില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാനു മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി.
സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സൊന്നും പിറക്കാത്ത സമയത്ത് പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റ് വീഴ്ത്താനുള്ള സുവര്‍ണാവസരം ഇന്ത്യ തുലച്ചു. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാനെ പുറത്താക്കാന്‍ അവസരം ലഭിച്ചെങ്കിലും അഭിഷേക് ശര്‍മ ക്യാച്ച് പാഴാക്കി. പന്തിന്റെ ഗതി മനസിലാക്കി ഓടാന്‍ സാധിക്കാത്തതാണ് അഭിഷേക് ക്യാച്ച് നഷ്ടപ്പെടുത്താന്‍ പ്രധാന കാരണം.
വരുണ്‍ ചക്രവര്‍ത്തിയുടെ എട്ടാം ഓവറിലും ഫര്‍ഹാനെ പുറത്താക്കാന്‍ അവസരം ലഭിച്ചതാണ്. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ബൗണ്ടറി ലൈനിനു അരികെ അഭിഷേക് ശര്‍മ തന്നെയാണ് ഷാഹിബ്‌സദയെ വീമ്ടും കൈവിട്ടത്. അത് സിക്‌സ് ആകുകയും ചെയ്തു. കുല്‍ദീപ് എറിഞ്ഞ ഒന്‍പതാം ഓവറിലെ അഞ്ചാം പന്തില്‍ സ്റ്റംപിങ്ങില്‍ നിന്നും ഫര്‍ഹാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പൂജ്യത്തിനു പുറത്താകേണ്ടിയിരുന്ന ഫര്‍ഹാന്‍ ഒടുക്കം 45 പന്തില്‍ 58 റണ്‍സെടുത്താണ് കളംവിട്ടത്. ഫര്‍ഹാന്‍ തന്നെയാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. അഞ്ച് ഫോറുകളും മൂന്ന് സിക്‌സും അടങ്ങിയതാണ് പാക് ഓപ്പണറുടെ അര്‍ധ സെഞ്ചുറി ഇന്നിങ്‌സ്.