രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം സെമിഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ് കേരളം. ജമ്മു കശ്മീരിനെതിരെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ നേടിയെടുക്കാനായ ഒരു റണ്‍സിന്റെ ബലത്തിലാണ് മത്സരത്തില്‍ സമനില നേടിയ കേരളം സെമിയിലേക്ക് യോഗ്യത നേടിയത്. ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം ഒരു ഘട്ടത്തില്‍ 200 റണ്‍സിന് 9 വിക്കറ്റെന്ന നിലയിലായിരുന്നു. അവസാന വിക്കറ്റില്‍ ബേസില്‍ തമ്പിയെ കൂട്ടുപ്പിടിച്ച് സല്‍മാന്‍ നിസാര്‍ നടത്തിയ വീരോചിത ചെറുത്തുനില്‍പ്പാണ് കേരളത്തിന് നിര്‍ണായകമായ ഒരു റണ്‍സ് ലീഡ് സമ്മാനിച്ചത്.
രണ്ടാം ഇന്നിങ്ങ്‌സില്‍ 400 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ജമ്മു കശ്മീര്‍ മുന്നോട്ട് വെച്ചെങ്കിലും സമനില നേടാനായതോടെ ആദ്യ ഇന്നിങ്ങ്‌സില്‍ നേടിയ ഒരു റണ്‍സ് ലീഡിന്റെ ആനുകൂല്യത്തില്‍ കേരളം സെമി ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു. ആദ്യ ഇന്നിങ്ങ്‌സില്‍ 112 റണ്‍സെടുത്ത സല്‍മാന്‍ നിസാര്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ 162 പന്തില്‍ നിന്നു 44 റണ്‍സുമായി പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്ങ്‌സില്‍ 9 വിക്കറ്റ് നഷ്ടമായി പതറിയപ്പോള്‍ ബേസില്‍ തമ്പി നല്‍കിയ ഉറപ്പാണ് ഒന്നാം ഇന്നിങ്ങ്‌സില്‍ ലീഡ് നേടുന്നതില്‍ നിര്‍ണായകമായതെന്നാണ് സല്‍മാന്‍ നിസാര്‍ പറയുന്നത്.
ടീമിന്റെ ആവശ്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാനാണ് ശ്രമിച്ചത്. അവസാന ദിവസം കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കുകയായിരുന്നു ലക്ഷ്യം. സെഞ്ചുറി നേടാനായി എന്നതിനേക്കാള്‍ സന്തോഷം നല്‍കിയത് ആദ്യ ഇന്നിങ്ങ്‌സില്‍ നിര്‍ണായകമായ ഒരു റണ്‍സ് ലീഡ് നേടാനായി എന്നതാണ്. ആദ്യ ഇന്നിങ്ങ്‌സില്‍ അവസാനക്കാരനായി വന്ന ബേസില്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി അത് നിര്‍ണായകമായി. സെമി ഫൈനലില്‍ മികച്ച പ്രകടനം നടത്തുകയാണ് ഇനി ലക്ഷ്യമെന്നും സല്‍മാന്‍ നിസാര്‍ പറഞ്ഞു. 17ന് നടക്കുന്ന സെമി ഫൈനലില്‍ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികള്‍.