ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലും നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. ആദ്യ ടി20 മത്സരത്തില്‍ 20 പന്തില്‍ 26 റണ്‍സ് നേടിയെങ്കിലും ഗസ് അറ്റ്കിൻസൻ്റെ ഓവറില്‍ നേടിയതായിരുന്നു ഇതിലെ 22 റണ്‍സും. ശേഷിച്ച 14 പന്തുകളില്‍ വെറും 4 റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന് നേടാനായത്. 150 കിലോമീറ്ററിനടുത്ത് വേഗതയില്‍ വന്ന മാര്‍ക്ക് വുഡിന്റെയും ആര്‍ച്ചറുടെയും പന്തുകള്‍ക്ക് മുന്നിലാണ് സഞ്ജു പരുങ്ങിയത്. രണ്ടാം ടി20യിലും സ്ഥിതി മറ്റൊന്നായിരുന്നില്ല.
ആര്‍ച്ചറുടെയും മാര്‍ക്ക് വുഡിന്റെയും വേഗതയേറിയ പന്തുകള്‍ക്ക് മുന്നില്‍ പതറിയ സഞ്ജു ആക്രമിച്ച് കളിക്കാനാണ് രണ്ടാം ടി20യിലും ശ്രമിച്ചത്. ഷോര്‍ട്ട് ബോളുകള്‍ക്ക് മുന്നില്‍ കഷ്ടപ്പെടുമ്പോള്‍ പന്തിന്റെ പേസ് ഉപയോഗിച്ച് റണ്‍സ് നേടാനുള്ള ശ്രമം സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ബാക്ക് ഫൂട്ടില്‍ ഇറങ്ങി പേസിനെ നേരിടാനുള്ള ശ്രമവും പാളിയതോടെ ആദ്യ ടി20യില്‍ വിക്കറ്റ് നഷ്ടമാക്കിയതിന് സമാനമായാണ് രണ്ടാം ടി20യിലും സഞ്ജു വിക്കറ്റ് കളഞ്ഞുകുളിച്ചത്.
നായകന്‍ സൂര്യകുമാറടക്കം മോശം പ്രകടനങ്ങള്‍ തുടരുമ്പോള്‍ ഒരൊറ്റ മത്സരത്തിലെ പരാജയം സഞ്ജുവിനെ ബാധിക്കില്ലെങ്കിലും തുടര്‍ച്ചയായി വേഗം കൂടിയ പന്തുകള്‍ക്ക് മുന്നില്‍ പരുങ്ങുന്നത് താരത്തിന്റെ ദൗര്‍ബല്യം പുറത്ത് കാണിക്കുന്നതാണ്. ഇത് കൃത്യമായി പരിഹരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഭാവിയില്‍ മറ്റ് ബൗളര്‍മാരും സഞ്ജുവിന്റെ ദൗര്‍ബല്യം മുതലെടുക്കുമെന്ന് ഉറപ്പാണ്.