മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സഞ്ജു ടീം വിടാനുള്ള സാഹചര്യമുണ്ടായത് വൈഭവ് സൂര്യവന്‍ഷിയുടെ വരവോടെയാണെന്നും രാജസ്ഥാന്‍ ടീം താരങ്ങളെ നിലനിര്‍ത്തുന്നതില്‍ സഞ്ജുവിന്റെ കൃത്യമായ ഇടപെടലുകള്‍ ഉണ്ടായിരുന്നുവെന്നും ആകാശ് ചോപ്ര പറയുന്നു. ടീമിലെ പ്രധാനതാരങ്ങളായിരുന്ന ജോസ് ബട്ട്ലര്‍, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവര്‍ പുറത്തായത് പരാമര്‍ശിച്ചാണ് ആകാശ് ചോപ്രയുടെ പ്രതികരണം.
സഞ്ജു എന്തിനാണ് ടീം വിടേണ്ടത്?, അവസാനത്തെ മെഗാലേലം നടന്നപ്പോള്‍ രാജസ്ഥാന്‍ ബട്ട്ലറെ ഒഴിവാക്കി. യശ്വസി ജയ്‌സ്വാളിനൊപ്പം സഞ്ജുവിന് ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹമുള്ളത് കൊണ്ടായിരിക്കും അങ്ങനൊരു തീരുമാനമുണ്ടായത്. സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്.അവര്‍ നിലനിര്‍ത്തിയതോ ഒഴിവാക്കിയതോ ആയ താരങ്ങളുടെ കാര്യത്തില്‍ സഞ്ജുവിന് വലിയ പങ്കുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ പരിക്ക് പറ്റിയപ്പോള്‍ വൈഭവ് സൂര്യവന്‍ഷി ഓപ്പണര്‍ റോളില്‍ വന്നു. ധ്രുവ് ജുറലിനെ ബാറ്റിംഗ് ഓര്‍ഡറില്‍ മുകളില്‍ കൊണ്ടുവരാനും രാജസ്ഥാന്‍ ആഗ്രഹിക്കുന്നു. ഇതെല്ലാം കൊണ്ടാണ് സഞ്ജു ടീം വിടാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്നും സഞ്ജുവിന്റെയും രാജസ്ഥാന്റെയും മനസില്‍ എന്താണെന്ന് അറിയില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു. അതേസമയം സഞ്ജുവിനെ ആവശ്യമുള്ള ടീം ചെന്നൈ അല്ല അത് കൊല്‍ക്കത്തയാണെന്നും ആകാശ് ചോപ്ര പറഞ്ഞു.