ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പ്രകടനത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താന്‍. ലോക ഒന്നാം നമ്പര്‍ ബൗളറായ ജസ്പ്രീത് ബുമ്രയുടെ ബൗളിംഗ് ഇംഗ്ലണ്ടില്‍ നിലവാരത്തിനൊത്ത് ഉയര്‍ന്നില്ലെന്ന് പത്താന്‍ വ്യക്തമാക്കി. പരമ്പരയിലെ 3 ടെസ്റ്റ് മത്സരങ്ങളില്‍ മാത്രം കളിച്ച ബുമ്ര 26 ശരാശരിയില്‍ 14 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
ലോര്‍ഡ്‌സിലെ ഓണേഴ്‌സ് ബോര്‍ഡില്‍ ഇടം നേടിയെങ്കിലും ഒരു ഒന്നാം നമ്പര്‍ ബൗളറില്‍ നിന്നും പ്രതീക്ഷിക്കുന്ന സ്ഥിരതയും ആക്രമണോത്സുകതയും ബുമ്രയുടെ പ്രകടനത്തില്‍ നിന്നും ഉണ്ടായില്ലെന്നും ജോ റൂട്ടിനെ പോലൊരു ബാറ്ററിനെതിരെ സമ്മര്‍ദ്ദം ചെലുത്താന്‍ ആറാം ഓവര്‍ എറിയാനും ബുമ്രയ്ക്ക് കഴിയുമായിരുന്നുവെന്നും പത്താന്‍ പറഞ്ഞു.ബുമ്രയുടെ വര്‍ക്ക് ലോഡ് മാനേജ്‌മെന്റ് പരമ്പരയിലെ നിര്‍ണായകഘട്ടങ്ങളില്‍ ഇന്ത്യന്‍ മുന്നേറ്റത്തെ തടസ്സപ്പെടുത്തിയെന്നും പത്താന്‍ വിമര്‍ശിച്ചു.