Sanju Samson: ഗില്ലും ജയ്സ്വാളും ഇല്ലാതിരുന്നപ്പോൾ സഞ്ജുവിനെ കളിപ്പിച്ചതാണ്, അഗാർക്കർ നൽകുന്ന സൂചനയെന്ത്?
സെപ്റ്റംബര്‍ 9 മുതല്‍ ആരംഭിക്കുന്ന ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടി20 ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ടി20യില്‍ ഇന്ത്യയുടെ ദീര്‍ഘകാല പദ്ധതികളില്‍ സഞ്ജു സാംസണിന് ഇടമില്ലെന്ന സൂചന നല്‍കി ഇന്ത്യന്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍.
സെപ്റ്റംബര്‍ 9 മുതല്‍ ആരംഭിക്കുന്ന ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടി20 ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ടി20യില്‍ ഇന്ത്യയുടെ ദീര്‍ഘകാല പദ്ധതികളില്‍ സഞ്ജു സാംസണിന് ഇടമില്ലെന്ന സൂചന നല്‍കി ഇന്ത്യന്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. സഞ്ജു സാംസണെ ഓപ്പണറായാണ് പരിഗണിച്ചിരിക്കുന്നതെങ്കിലും ശുഭ്മാന്‍ ഗില്‍ മടങ്ങിയെത്തുന്നതോടെ സഞ്ജുവിന്റെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം തന്നെ തുലാസിലാണ്. വാര്‍ത്താസമ്മേളനത്തിനിടെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നടത്തിയ പരാമര്‍ശങ്ങളും ഈ സൂചനയാണ് നല്‍കുന്നത്.
ടീം പ്രഖാപനവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ യശ്വസി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ അഭാവത്തിലാണ് സമീപകാലത്ത് ടി20യില്‍ സഞ്ജു ഓപ്പണറായതെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കി. ഇതോടെ ഗില്‍, ജയ്‌സ്വാള്‍ എന്നീ താരങ്ങള്‍ക്ക് ശേഷം മാത്രമാണ് സഞ്ജുവിനെ ഓപ്പണറാക്കി പരിഗണിക്കുന്നതെന്ന സൂചനയാണ് ഇന്ത്യന്‍ ചീഫ് സെലക്ടര്‍ നല്‍കിയിരിക്കുന്നത്.
ഏഷ്യാകപ്പില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്ലാകും ഏറിയ പക്ഷവും ഓപ്പണിങ്ങില്‍ ഇറങ്ങുന്നത്. അങ്ങനെയെങ്കില്‍ സഞ്ജു മധ്യനിരയിലാകും കളിക്കുക. വണ്‍ ഡൗണായി തിലക് വര്‍മയും പിന്നാലെ സൂര്യകുമാര്‍ യാദവും ഇറങ്ങാനുളളതിനാല്‍ അഞ്ചാമനായാകും സഞ്ജു ക്രീസിലെത്തുക. ഇക്കാര്യങ്ങളില്‍ ദുബായില്‍ എത്തിയ ശേഷമാകും ക്യാപ്റ്റനും പരിശീലകനും ചേര്‍ന്ന് തീരുമാനമെടുക്കുക.