കഴിഞ്ഞ ദിവസം വാങ്കഡെ സ്റ്റേഡിയത്തിൽ വിരാട് കോഹ്ലി, കെ എൽ രാഹുൽ, രോഹിത് ശർമ എന്നീ മൂവർസംഘത്തിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ അകമ്പടിയിൽ ഇന്ത്യ വെസ്റ്റിൻഡീസിനെ തോൽപ്പിക്കുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തു. എന്നാൽ, ആ കളിയിലും സഞ്ജു സാംസണെ പങ്കെടുപ്പിച്ചില്ല.
ടീമിലുണ്ടായിട്ടും കളിക്കാൻ ഒരിക്കൽ പോലും അവസരം നൽകാത്ത സെലക്ഷൻ കമ്മിറ്റിനും ക്യപ്റ്റൻ വിരാട് കോഹ്ലിക്കുമെതിരെ വിമർശനവുമായി സഞ്ജുവിന്റെ ആരാധകർ. ഇതിനിടയിൽ സഞ്ജുവിന് പിന്തുണയുമായി മുൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ രംഗത്ത്.
ഉടൻ തന്നെ സഞ്ജുവിനു പ്ലേയിങ് ഇലവനിൽ തന്റെ കഴിവു പുറത്തെടുക്കാൻ സാധിക്കുമെന്ന് സുനിൽ ഗാവസ്കർ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ജനുവരിയുടെ തുടക്കത്തിൽ തന്നെ നമുക്ക് ട്വന്റി20 മത്സരങ്ങളുണ്ട്. ശ്രീലങ്കയ്ക്കെതിരെ മൂന്ന് മത്സരങ്ങളുണ്ട്. ഇനിയും അവസരങ്ങളുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിനു കളിക്കാൻ അവസരം ലഭിക്കുമെന്ന് ഉറപ്പാണെന്നും ഗവാസ്കർ പറഞ്ഞു.
അവസരം നൽകേണ്ടവർ കണ്ണടയ്ക്കുകയാണ്. അവസരം കൊടുത്താൽ മാത്രമേ ഒരു താരത്തിനു തന്റെ കഴിവ് തെളിയിക്കാൻ കഴിയുകയുള്ളു. എല്ലാ മത്സരത്തിലും അവഗണിച്ചാൽ ഒരു താരത്തെ മാനസികമായി തളർത്താനേ അതുകൊണ്ട് സാധിക്കുകയുള്ളു. ഇനിയെങ്കിലും സഞ്ജുവിനെ കളിപ്പിക്കണമെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.