മോശം ഫോമിൽ നിൽക്കുന്ന രഹാനെയും ചേതേശ്വർ പൂജാരയും രഞ്ജി ട്രോഫിയിൽ തിരിച്ചുപോയി കഴിവ് തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം രഞ്ജി ട്രോഫി വീണ്ടും തുടങ്ങാനിരിക്കെയാണ് ഗാഗുലിയുടെ നിര്‍ദേശം.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇരുവരും നടത്തിയത്. ഇതോടെ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇരുവരും ടീമിലുണ്ടാകുമോ എന്നതും സംശയത്തിലാണ്. രഹാനെയും പൂജാരയും ഏകദിന ടീമില്‍ കളിക്കാത്തതിനാല്‍ അവര്‍ക്ക് രഞ്ജി ട്രോഫിയില്‍ കളിക്കുന്നതിന് മറ്റ് തടസങ്ങളൊന്നും ഉണ്ടാകില്ലെന്നും രഞ്ജി കളിച്ച് ഫോം തെളിയിക്കാൻ അവസരം ലഭിക്കുമെന്നും ഗാംഗുലി പറഞ്ഞു.
2005ല്‍ ഫോം നഷ്ടമായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ഗാംഗുലി പിന്നീട് രഞ്ജിയില്‍ കളിച്ച് ഫോം തിരിച്ചുപിടിച്ച് ടീമില്‍ തിരിച്ചെത്തിയിരുന്നു.രഹാനെയും പൂജാരെയും മികച്ച കളിക്കാരാണ്. അതിനാൽ തന്നെ അവർ രഞ്ജിയില്‍ കളിച്ച് റണ്‍സടിച്ചുകൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരത് ചെയ്യുമെന്ന് എനിക്കുറപ്പാണ്. ഇത്രയും രാജ്യാന്തര മത്സരങ്ങള്‍ കളിച്ചെങ്കിലും രഞ്ജി ട്രോഫിയിലേക്ക് തിരിച്ചുപോകുന്നതില്‍ അവര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്നും ഗാംഗുലി പറഞ്ഞു.ഫെബ്രുവരി 16 മുതലാണ് പുതിയ രഞ്ജി സീസണ്‍ ആരംഭിക്കുന്നത്.