ഓസീസിനെതിരായ ഏകദിന പരമ്പരയിൽ പരാജയപ്പെട്ടുവെങ്കിലും തുടർച്ചയായി രണ്ട് ടി20 വിജയങ്ങളിലൂടെ ഓസീസിന് മറുപടി കൊടുത്തിരിക്കുകയാണ് ടീം ഇന്ത്യ. ഇന്ത്യയുടെ വിജയങ്ങളിൽ നിർണായകമായതാകട്ടെ ഹാർദിക് പാണ്ഡ്യയുടെ ടി നടരാജന്റെയും പ്രകടനങ്ങൾ. പരമ്പരയിൽ ഓസീസ് ബാറ്റിങ് നിരയെ ബുദ്ധിമുട്ടിക്കുന്ന നടരാജന്റെയും ഇന്ത്യയുടെ സ്റ്റാർ പേസറായ ജസ്‌പ്രീത് ബുമ്രയുടെയും സാമ്യങ്ങൾ എണ്ണിപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണിങ് താരമായ വിരേന്ദർ സേവാഗ്.
രണ്ടുപേരും തമ്മിലുള്ള ഒന്നാമത്തെ സാമ്യം. ഇരുവരും ഏകദിന ടി20 പരമ്പരകളിൽ അരങ്ങേറ്റം നടത്തിയത് ഓസീസിനെതിരെയായിരുന്നു എന്നതാണ്. 2015-16ലെ ഓസീസ് പര്യടനത്തിലായിരുന്നു ബുമ്ര വരവറിയിച്ചത്.രണ്ടുപേരും പകരക്കാരായാണ് ടീമിലെത്തിയെന്നതാണ് അടുത്ത സവിശേഷത. അന്ന് മുഹമ്മദ് ഷമിക്ക് പകരക്കാരനായാണ് ബുമ്ര ടീമിലെത്തിയതെങ്കിൽ ബുമ്രയ്‌ക്ക് വിശ്രമം അനുവദിച്ചതിനെ തുടർന്നാണ് നടരാജൻ ടീമിലെത്തിയത്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരങ്ങളിലായിരുന്നു ഇരു താരങ്ങളും അരങ്ങേറ്റം കുറിച്ചത് എന്നതാണ് മൂന്നാമത്തെ സാമ്യത. ബുമ്ര അരങ്ങേറുമ്പോളും ആദ്യ രണ്ട് ഏകദിനങ്ങൾ ഇന്ത്യ തോറ്റിരുന്നു. രണ്ട് പേരുടെയും അരങ്ങേറ്റ മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചിരുന്നു എന്നത് അടുത്ത സാമ്യത.
ഇതും കൂടാതെ അരങ്ങേറ്റ മത്സരത്തിൽ രണ്ട് വിക്കറ്റുകളാണ് ഇരുതാരങ്ങളും നേടിയത്. അതേസമയം ടി20 അരങ്ങേറ്റത്തിൽ രണ്ട് താരങ്ങളും 3 വിക്കറ്റുകൾ നേടി. ഇരുവരും ഐപിഎല്ലിലൂടെയാണ് ഇന്ത്യൻ ടീമിലെത്തിയത് എന്നതും ഒരു സാമ്യതയായി നിൽക്കുന്നു.