ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാനമത്സരത്തിൽ ടീമിനെ കരക്കയറ്റിയത് ജഡേജയും ഹാർദ്ദിക് പാണ്ഡ്യയും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുക്കെട്ട്. ഒരു ഘട്ടത്തിൽ 32 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152 എന്ന നിലയിൽ നിന്ന ടീമിനെ പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത് രണ്ടുപേരും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ്. 150 റൺസാണ് ആറാം വിക്കറ്റിൽ രണ്ടുപേരും ചേർന്ന് അടിച്ചെടുത്തത്. ഇതോടെ ടീം സ്കോർ 302 എത്തി.
വെറും 18 ഓവറുകളിലാണ് ടീം സ്കോറിന്റെ പകുതിയും ഇന്ത്യ സ്വന്തമാക്കിയത്. 76 പന്തുകളില്‍ നിന്ന് ഒരു സിക്‌സും ഏഴു ബൗണ്ടറികളുമായി തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യ 92 റണ്‍സോടെ പുറത്താകാതെ നിന്നു. പാണ്ഡ്യ തന്നെയാണ് ടീമിന്റെ ടോപ് സ്കോറർ. 50 പന്തുകള്‍ നേരിട്ട ജഡേജ മൂന്നു സിക്‌സും അഞ്ചു ഫോറുമടക്കം 66 റണ്‍സെടുത്ത് ഹാര്‍ദിക്കിന് ഉറച്ച പിന്തുണ നല്‍കി.
അതേസമയം മറ്റ് ബാറ്റ്സ്മാന്മാരിൽ വിരാട് കോലി മാത്രമാണ്ണ ഇന്ത്യക്കായി തിളങ്ങിയത്. 78 പന്തുകള്‍ നേരിട്ട കോലി അഞ്ചു ഫോറുകളടക്കം 63 റണ്‍സെടുത്ത് പുറത്തായി. കരിയറിലെ 12 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു സെഞ്ചുറി തികക്കാതെ ഒരു കലണ്ടർ ഇയർ കോലിക്ക് കടന്നുപോകുന്നത്.
കഴിഞ്ഞ രണ്ട് ഏകദിനങ്ങളും പരാജയപ്പെട്ട ഇന്ത്യ നാലു മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങിയത്. മായങ്ക് അഗര്‍വാളിന് പകരം ശുഭ്മാന്‍ ഗില്ലും ചാഹലിന് പകരം കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയ്ക്ക് പകരം തമിഴ്നാട് പേസര്‍ ടി. നടരാജനും നവ്ദീപ് സെയ്‌നിക്ക് പകരം ശാര്‍ദുല്‍ താക്കൂറൂം ടീമില്‍ ഇടം നേടി.