ഏഷ്യാകപ്പില്‍ ഇന്ത്യയുമായുള്ള മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ പാകിസ്ഥാന്‍ ക്യാമ്പില്‍ അസ്വാരസ്യങ്ങളെന്ന് റിപ്പോര്‍ട്ട്. മത്സരത്തിന് പിന്നാലെ പാക് നായകന്‍ ബാബര്‍ അസം സഹതാരങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നുവെന്നും എന്നാല്‍ ഇതിനെതിരെ ഷഹീന്‍ ഷാ അഫ്രീദി കടുത്ത പ്രതികരണം ബാബറിനെതിരെ നടത്തിയെന്നുമുള്ള വാര്‍ത്തകളാണ് പാകിസ്ഥാന്‍ ക്യാമ്പില്‍ നിന്നും വരുന്നത്.
ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ ഏകദിനത്തിലെ ഒന്നാം നമ്പര്‍ ടീമായാണ് പാകിസ്ഥാന്‍ എത്തിയത്. എന്നാല്‍ ടൂര്‍ണമെന്റിലെ പരാജയത്തോടെ പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ക്കേറ്റ പരിക്കേറ്റ പരിക്കാണ് ഏഷ്യാകപ്പില്‍ പാകിസ്ഥാന് തിരിച്ചടിയായത്.ലോകകപ്പിന് മുന്‍പുള്ള ടൂര്‍ണമെന്റായാതിനാല്‍ തന്നെ ഏഷ്യാകപ്പിലെ വിജയം പാകിസ്ഥാന് നിര്‍ണായകമായിരുന്നു. തോല്‍വിയോടെ ബാബര്‍ അസമിനെ നായകസ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യം പാക് ആരാധകരില്‍ നിന്നും ഉയരുന്നുണ്ട്. പാക് ക്രിക്കറ്റ് ലീഗില്‍ നായകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ള ഷഹീന്‍ ഷാ അഫ്രീദിയെ നായകനാക്കണമെന്നാണ് ഒരു വിഭാഗം ആരാധകരുടെ ആവശ്യം.
അതേസമയം ഹാരിസ് റൗഫ്, നസീം ഷാ എന്നിവരുടെ പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് ഇതുവരെ പാക് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. ഹാരിസ് ലോകകപ്പിന് മുന്‍പ് പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുക്കുമെന്ന് ബാബര്‍ വ്യക്തമാക്കിയിരുന്നു. നസീം ഷായ്ക്ക് ലോകകപ്പില്‍ തുടക്കത്തിലെ ചില മത്സരങ്ങള്‍ നഷ്ടമായേക്കും.