വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2025ലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം റദ്ദാക്കിയ സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ പ്രത്യേകിച്ച് ഇന്ത്യന്‍ താരമായ ശിഖര്‍ ധവാനെ പരസ്യമായി വിമര്‍ശിച്ച് പാകിസ്ഥാന്‍ മുന്‍ നായകനായ ഷാഹിദ് അഫ്രീദി. ജൂലൈ 20ന് മാധ്യമങ്ങളോടെ സംസാരിക്കവെയാണ് ഇന്ത്യന്‍ ടീമിന്റെ പിന്മാറ്റത്തെ പറ്റി അഫ്രീദി പ്രതികരിച്ചത്.
സമാധാനവും പരസ്പരബന്ധവും മെച്ചപ്പെടുത്തുക എന്നതാണ് സ്‌പോര്‍ട്‌സിലൂടെ ലക്ഷ്യമിടുന്നതെന്നും എന്നാല്‍ വ്യക്തിപരമായ പക്ഷപാതങ്ങള്‍ ആ ശ്രമങ്ങളെ ഇല്ലാതെയാക്കുകയാണെന്നും ഇന്ത്യന്‍ ടീമിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് അഫ്രീദി പറഞ്ഞു. പല ഇന്ത്യന്‍ കളിക്കാരും ഇന്ത്യയുടെ പിന്മാറ്റത്തില്‍ നിരാശയുള്ളവരാണ്. തന്റെ സാന്നിദ്ധ്യമാണ് കളിക്കാര്‍ക്ക് പ്രശ്‌നമെങ്കില്‍ താന്‍ മത്സരത്തില്‍ നിന്നും മാറിനില്‍ക്കുമായിരുന്നുവെന്നും അഫ്രീദി പറഞ്ഞു.
ക്രിക്കറ്റ് തുടരണമായിരുന്നു. ക്രിക്കറ്റിന്റെ മുന്നില്‍ ആരാണ് ഷാഹിദ് അഫ്രീദി?, ആരുമല്ല. അവര്‍ക്ക് കളിക്കാന്‍ താല്പര്യമില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങോട്ട് വന്നത്. അവര്‍ ഒരു കായിക ഇവന്റിനെ രാഷ്ട്രീയ വിഷയമാക്കി മാറ്റി. പൂര്‍ണ്ണമായി ഇതില്‍ പങ്കെടുക്കാന്‍ തയ്യാറല്ലെങ്കില്‍ അവര്‍ വീട്ടിലിരിക്കണമായിരുന്നു. പാകിസ്ഥാന്‍ താരമെന്ന നിലയിലല്ല ക്രിക്കറ്റിന്റെ അംബാസഡര്‍ എന്ന നിലയിലാണ് ടൂര്‍ണമെന്റില്‍ താന്‍ പങ്കെടുക്കുന്നതെന്നും അഫ്രീദി പറഞ്ഞു.