ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി പാകിസ്ഥാന്‍. ധാക്കയിലെ ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 20 ഓവര്‍ തികച്ച് ബാറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഫഖര്‍ സമാന്‍ ഒഴികെയുള്ള മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 110 റണ്‍സിനാണ് പാക് ഇന്നിങ്ങ്‌സ് അവസാനിച്ചത്. ബംഗ്ലാദേശിനെതിരെ ടി20യില്‍ പാകിസ്ഥാന്റെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ബംഗ്ലാദേശിനെതിരെ ടി20യില്‍ പാകിസ്ഥാന്‍ ഓള്‍ ഔട്ടാകുന്നതും ഇതാദ്യമാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തില്‍ തന്നെ തങ്ങളുടെ മുന്‍നിര ബാറ്റര്‍മാരെ നഷ്ടപ്പെട്ടു. സൈം അയൂബ് 6 റണ്‍സും മൊഹമ്മദ് ഹാരിസ് 4 റണ്‍സും നായകനായ സല്‍മാന്‍ അലി ആഘ 3 റണ്‍സും നേടിയാണ് പവലിയനിലേക്ക് മടങ്ങിയത്.ആദ്യത്തെ 6 ബാറ്റര്‍മാരില്‍ 34 പന്തില്‍ 44 റണ്‍സെടുത്ത ഫഖര്‍ സമാനൊഴികെ മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാനായില്ല. 70 റണ്‍സിന് 6 വിക്കറ്റ് നഷ്ടമായ അവസ്ഥയില്‍ നിന്നും പാകിസ്ഥാനെ കരകയറ്റിയത് വാലറ്റത്ത് ഖുഷ്ദില്‍ ഷാ(17)യും അബ്ബാസ് അഫ്രീദിയും(22) നടത്തിയ പോരാട്ടമായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനായി ഹൊസ്സൈന്‍ ഇമോണ്‍ 39 പന്തില്‍ 56 റണ്‍സുമായി തിളങ്ങി. 36 റണ്‍സുമായി തൗഹീദ് ഹ്രിദോയ് പിന്തുണ നല്‍കിയതോടെ 15.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് വിജയം കണ്ടു. ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ് 3.3 ഓവറില്‍ 22 റണ്‍സ് വഴങ്ങി 3 വിക്കറ്റും മുസ്താഫിസുര്‍ റഹ്‌മാന്‍ നാലോവറില്‍ 6 റണ്‍സ് വഴങ്ങി 2 വിക്കറ്റും നേടി.