ഓവലില്‍ ഇന്ത്യയുടെ രക്ഷകനാണ് ശര്‍ദുല്‍ താക്കൂര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ താന്‍ ആരാണെന്ന് ശര്‍ദുല്‍ തെളിയിച്ചു. ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരില്‍ പലരും ഓവലില്‍ പരാജയപ്പെട്ടപ്പോള്‍ ശര്‍ദുല്‍ താക്കൂര്‍ രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ചുറി നേടി ആരാധകരുടെ കൈയടി വാങ്ങിക്കൂട്ടി.
ശര്‍ദുലിന് ഇതൊരു മധുരപ്രതികാരമാണ്. സോഷ്യല്‍ മീഡിയയില്‍ ഒരിക്കല്‍ എല്ലാവരാലും പരിഹസിക്കപ്പെട്ട താരമാണ് ശര്‍ദുല്‍ താക്കൂര്‍. 2017 ല്‍ ശ്രീലങ്കയ്‌ക്കെതിരെ അരങ്ങേറുമ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞാണ് ശര്‍ദുല്‍ ഇറങ്ങിയത്. സച്ചിന്‍ വിരമിച്ച ശേഷം അദ്ദേഹത്തിന്റെ പത്താം നമ്പര്‍ ആര്‍ക്കും നല്‍കില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു. സച്ചിനോടുള്ള ആദരസൂചകമായാണ് ബിസിസിഐ അന്ന് അങ്ങനെയൊരു തീരുമാനമെടുത്തത്. എന്നാല്‍, ശര്‍ദുല്‍ പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞെത്തിയതോടെ സച്ചിന്‍ ആരാധകര്‍ അടക്കം അസ്വസ്ഥരായി. അന്ന് പരിഹസിച്ചവരും കളിയാക്കിയവരും ഇന്ന് ശര്‍ദുലിന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ്. ഇന്ത്യയുടെ രക്ഷകനെന്ന് വാഴ്ത്തുകയാണ്.