രാജ്യാന്തര ക്രിക്കറ്റിൽ ആക്രമണോത്സുകത കൊണ്ടും വേഗത കൊണ്ടും ലോകത്തെ അമ്പരപ്പിച്ച ക്രിക്കറ്ററാണ് പാകിസ്ഥാന്റെ പേസ് എക്‌സ്‌പ്രസ് ഷൊയേബ് അക്തർ. രാജ്യാന്തര ക്രിക്കറ്റിൽ 444 വിക്കറ്റുകൾ സ്വന്തമാക്കിയ കളിക്കളത്തിലെ കരുത്തുറ്റ താരത്തിന് നടക്കാൻ പോലും കഴിയില്ലെന്ന് ഡോക്‌ടർമാർ വിധിയെഴുതിയ കാലമുണ്ടായിരുന്നു. ഇതിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് താരം.
ക്രിക്കറ്റില്‍ നിന്നും വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോളാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. ആറാം വയസിൽ നടക്കാൻ വരെ തനിക്ക് സധിച്ചിരുന്നില്ലെന്നും വീടിനുള്ളിൽ ഇഴഞ്ഞാണ് നീങ്ങിയിരുന്നതെന്നും അക്തർ പറയുന്നു. എന്നെചികിത്സിച്ചിരുന്ന ഡോക്ടർമാർ പറഞ്ഞത് ഒരു സാധാരണക്കുട്ടിയെ പോലെ എനിക്ക് ഒരിക്കലും ഓടാൻ സാധിക്കില്ല എന്നായിരുന്നു.
ബാല്യത്തിൽ മാത്രമല്ല കരിയറിലും തുടർച്ചയായ പരിക്കാണ് എന്നെ കാത്തുനിന്നത്. പാകിസ്താന്‍ ടീമില്‍ ഇടം നേടാന്‍ കളിക്കാരുടെ തിരക്കേറിയ അക്കാലത്ത് ടീമില്‍ ഇടം നേടാന്‍ പലപ്പോഴും പരിക്കുകൾ മറച്ചുവെയ്ക്കേണ്ടി വന്നു.
അക്തറിന് എന്തുകൊണ്ടാണ് തുടർച്ചയായി മത്സരിക്കാൻ കഴിയാത്തതെന്ന് മാധ്യമങ്ങൾ മനസിലാക്കിയില്ല. കരിയറിൽ ഇടതു കാല്‍മുട്ടില്‍ 9 തവണ ശസ്ത്രക്രിയ വേണ്ടിവന്നു.42 കുത്തിവയ്പ്പിനും, 62 തവണ വിശ്രമത്തിനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അക്കാലത്ത് ഞാൻ എത്രത്തോളം വേദന അനുഭവിച്ചിട്ടുണ്ടാകും എന്നാലോചിച്ച് നോക്കു. അക്തർ പറഞ്ഞു.