കാര്യങ്ങള്‍ അത്ര എളുപ്പമല്ല, അവസാനം വരെ ക്രീസില്‍ ഉണ്ടാകണമെന്ന് ഡ്രസിങ് റൂമില്‍ നിന്ന് നിര്‍ദേശം ലഭിച്ചു; സെഞ്ചുറി ഇന്നിങ്‌സിനെ കുറിച്ച് ഗില്‍
കരിയറിലെ ഏറ്റവും സംതൃപ്തി നല്‍കിയ സെഞ്ചുറികള്‍ ഒന്നാണ് ബംഗ്ലാദേശിനെതിരെ നേടിയതെന്ന് ഗില്‍ പറഞ്ഞു
ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയാണ് ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്. 129 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം 101 റണ്‍സുമായി ഗില്‍ പുറത്താകാതെ നിന്നു. കളിയിലെ താരവും ഗില്‍ തന്നെയാണ്.
കരിയറിലെ ഏറ്റവും സംതൃപ്തി നല്‍കിയ സെഞ്ചുറികള്‍ ഒന്നാണ് ബംഗ്ലാദേശിനെതിരെ നേടിയതെന്ന് ഗില്‍ പറഞ്ഞു. അവസാനം വരെ ക്രീസില്‍ ഉണ്ടാകണമെന്ന് ഡ്രസിങ് റൂമില്‍ നിന്ന് നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറും തനിക്കു നിര്‍ദേശം നല്‍കിയിരുന്നെന്നും ഗില്‍ മത്സരശേഷം പറഞ്ഞു.
' തീര്‍ച്ചയായും ഏറ്റവും സംതൃപ്തി തോന്നിയ ഇന്നിങ്‌സ്, ഐസിസി ഇവന്റ്‌സില്‍ എന്റെ ആദ്യ സെഞ്ചുറിയും. ഞാന്‍ വളരെ സന്തോഷവാനാണ്. സ്പിന്നര്‍മാര്‍ എത്തിയപ്പോള്‍ ഫ്രന്റ് ഫൂട്ടില്‍ സിംഗിളുകള്‍ നേടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഞാനും വിരാട് ഭായിയും മനസിലാക്കി. അതുകൊണ്ട് ബാക്ക് ഫൂട്ടില്‍ സിംഗിളുകള്‍ എടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ബൗണ്ടറികള്‍ നേടുക അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ സ്‌ട്രൈക് മാറി കളിച്ചു,' ഗില്‍ പറഞ്ഞു.
' ഒരു ഘട്ടത്തില്‍ ഞങ്ങളുടെമേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഡ്രസിങ് റൂമില്‍ നിന്ന് ഞങ്ങള്‍ക്കു (തനിക്കും രാഹുലിനും) സന്ദേശം ലഭിച്ചു. അവസാനം വരെ ക്രീസില്‍ ഉണ്ടാകുകയെന്നാണ് അവര്‍ നല്‍കിയ നിര്‍ദേശം. അതനുസരിച്ച് ഞാന്‍ ശ്രദ്ധയോടെ അവസാനം വരെ ബാറ്റ് ചെയ്തു,' ഗില്‍ കൂട്ടിച്ചേര്‍ത്തു.