ഇന്ത്യയ്ക്ക് 'ഗില്ലാടി' തുടക്കം; ബംഗ്ലാദേശിനെ ആറ് വിക്കറ്റിനു തോല്‍പ്പിച്ചു
129 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം 101 റണ്‍സുമായി ഗില്‍ പുറത്താകാതെ നിന്നു
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ ആറ് വിക്കറ്റിനു ഇന്ത്യ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.4 ഓവറില്‍ 228 നു ഓള്‍ഔട്ട് ആയി. ഇന്ത്യ 46.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ ആണ് കളിയിലെ താരം.
129 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം 101 റണ്‍സുമായി ഗില്‍ പുറത്താകാതെ നിന്നു. രോഹിത് ശര്‍മ (36 പന്തില്‍ 41), കെ.എല്‍.രാഹുല്‍ (47 പന്തില്‍ പുറത്താകാതെ 41), വിരാട് കോലി (38 പന്തില്‍ 22) എന്നിവരും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. ശ്രേയസ് അയ്യര്‍ 17 പന്തില്‍ 15 റണ്‍സ് നേടി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. തൗഹിദ് ഹൃദോയിയുടെ സെഞ്ചുറിയാണ് ബംഗ്ലാദേശിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഹൃദോയ് 118 പന്തില്‍ 100 റണ്‍സെടുത്തു. 35/5 എന്ന നിലയില്‍ തകര്‍ന്ന ബംഗ്ലാദേശിനെ ഹൃദോയിയും ജേകര്‍ അലിയും (114 പന്തില്‍ 68) ചേര്‍ന്നാണ് കരകയറ്റിയത്. പൂജ്യത്തിനു നില്‍ക്കെ ജേകര്‍ അലിയുടെ ക്യാച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നഷ്ടപ്പെടുത്തുകയും ചെയ്തു. തന്‍സിദ് ഹസന്‍ (25 പന്തില്‍ 25 റണ്‍സ്), റിഷാദ് ഹൊസൈന്‍ (12 പന്തില്‍ 18) എന്നിവരൊഴികെ മറ്റെല്ലാവരും പൂര്‍ണമായി നിരാശപ്പെടുത്തി.
ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷിത് റാണയ്ക്കു മൂന്നും അക്സര്‍ പട്ടേലിനു രണ്ടും വിക്കറ്റ്.