Shubman Gill: 'ഗില്‍ പ്രിയപ്പെട്ടവന്‍'; ഏഷ്യ കപ്പില്‍ ഫോംഔട്ട് ആയിട്ടും ഉപനായകന്‍, ശ്രേയസിനു മുകളില്‍ ക്യാപ്റ്റന്‍സി
ഏഷ്യ കപ്പില്‍ അത്ര മികച്ച പ്രകടനമല്ല ഗില്‍ കാഴ്ചവെച്ചത്
Shubman Gill: മൂന്ന് ഫോര്‍മാറ്റിലും ശുഭ്മാന്‍ ഗില്ലിനെ നായകനാക്കുകയെന്ന ലക്ഷ്യത്തോടെ ബിസിസിഐ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഗില്ലിനു നേതൃപദവി നല്‍കിയിരിക്കുന്നത് അതിന്റെ സൂചനയായാണ്. ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ നായകസ്ഥാനവും ട്വന്റി 20 പരമ്പരയില്‍ ഉപനായകസ്ഥാനവുമാണ് ഗില്ലിന്.
ഏഷ്യ കപ്പില്‍ അത്ര മികച്ച പ്രകടനമല്ല ഗില്‍ കാഴ്ചവെച്ചത്. എന്നിട്ടും ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഗില്ലിനെ ഉള്‍പ്പെടുത്താനും ഉപനായകനാക്കാനും ബിസിസിഐ തീരുമാനിച്ചു. സൂര്യകുമാര്‍ യാദവിനു ശേഷം ഇന്ത്യയെ ട്വന്റി 20 യില്‍ നയിക്കുക ശുഭ്മാന്‍ ഗില്‍ ആയിരിക്കുമെന്ന സൂചനയാണ് സെലക്ടര്‍മാര്‍ നല്‍കുന്നത്.
ഏഷ്യ കപ്പില്‍ ഏഴ് കളികളില്‍ നിന്ന് 21.17 ശരാശരിയില്‍ 131 റണ്‍സ് മാത്രമാണ് ഗില്ലിനു നേടാന്‍ സാധിച്ചത്. നാല് ഇന്നിങ്‌സുകളില്‍ നിന്ന് 132 റണ്‍സെടുത്ത സഞ്ജു സാംസണ്‍ ഗില്ലിനു മുന്നിലുണ്ട്. ഗില്ലിനേക്കാള്‍ പരിചയസമ്പത്തും സഞ്ജുവിനു അവകാശപ്പെടാനുണ്ട്. എന്നിട്ടും ഗില്ലിനെ വീണ്ടും ഉപനായകനാക്കിയിരിക്കുകയാണ് ബിസിസിഐ.
2023 ഏകദിന ലോകകപ്പില്‍ ഗില്ലിനേക്കാള്‍ മികച്ച രീതിയില്‍ ഇന്ത്യക്കായി കളിച്ച താരമാണ് ശ്രേയസ് അയ്യര്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ ഫൈനലില്‍ എത്തിച്ച ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ ശ്രേയസിനെ ഉപനായകനാക്കിയാണ് ഏകദിന ടീം. ഗില്ലിനേക്കാള്‍ പരിചയസമ്പത്തുള്ള ശ്രേയസിനെ തഴഞ്ഞിരിക്കുകയാണ്. ഗില്‍ ബിസിസിഐയ്ക്കു ഏറെ പ്രിയപ്പെട്ടവനാണെന്ന സന്ദേശമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനത്തില്‍ നിന്ന് വ്യക്തമാകുന്നത്.