Shubman Gill: 'വെറുതെയല്ല വൈസ് ക്യാപ്റ്റനാക്കിയത്'; അഹമ്മദബാദില്‍ 'ഗില്ലാട്ടം', അതിവേഗം 2,500 റണ്‍സ്
50 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗില്‍ ഈ നേട്ടം കൈവരിച്ചത്
Shubman Gill: ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഉപനായകനാക്കിയത് 'വെറുതെയല്ല' എന്ന് വിമര്‍ശകര്‍ക്കു കാണിച്ചുകൊടുത്ത് ശുഭ്മാന്‍ ഗില്‍. അഹമ്മദബാദില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ താരം സെഞ്ചുറി നേടി. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന താരമെന്ന അപൂര്‍വ റെക്കോര്‍ഡും ഗില്ലിനു സ്വന്തം.
ഫാഫ് ഡു പ്ലെസിസ് (വാന്‍ഡറേഴ്‌സ്, ജൊഹ്നാസ്ബര്‍ഗ്), ഡേവിഡ് വാര്‍ണര്‍ (ഓവല്‍, അഡ്‌ലെയ്ഡ്), ബാബര്‍ അസം (നാഷണല്‍ സ്‌റ്റേഡിയം, കറാച്ചി), ക്വിന്റണ്‍ ഡി കോക്ക് (സൂപ്പര്‍സ്‌പോര്‍ട് പാര്‍ക്ക്, സെഞ്ചൂറിയന്‍) എന്നിവരാണ് ഓരേ ഗ്രൗണ്ടില്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറിയുള്ള മറ്റു താരങ്ങള്‍.
ഏകദിനത്തില്‍ അതിവേഗം 2,500 റണ്‍സ് നേടുന്ന താരമാകാനും ഗില്ലിനു സാധിച്ചു. 50 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗില്‍ ഈ നേട്ടം കൈവരിച്ചത്. 51 ഇന്നിങ്‌സുകളില്‍ നിന്ന് 2,500 റണ്‍സ് നേടിയ ഹഷിം അംലയെ ഗില്‍ പിന്നിലാക്കി. 52 ഇന്നിങ്‌സുകളില്‍ നിന്ന് 2,500 നേടിയ ഇമാം ഉള്‍ ഹഖ് ആണ് മൂന്നാമത്.
അഹമ്മദബാദ് ഏകദിനത്തില്‍ ഓപ്പണറായി ഇറങ്ങിയ ഗില്‍ 102 പന്തുകളില്‍ 112 റണ്‍സ് നേടി. 14 ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്‌സ്.