കളിക്കുന്നത് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലാണ്, കണ്ടംകളിയിലെ പിള്ളേര് ഇതിനേക്കാള്‍ ഭേദമാണ്; ഗില്ലിനേയും പുജാരയേയും രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍
സ്‌കോട്ട് ബോളന്‍ഡ് എറിഞ്ഞ പന്തിലാണ് ശുഭ്മാന്‍ ഗില്‍ ബൗള്‍ഡ് ആയത്
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ഇന്നിങ്‌സില്‍ മോശം പ്രകടനം കാഴ്ചവെച്ച ശുഭ്മാന്‍ ഗില്ലിനേയും ചേതേശ്വര്‍ പുജാരയേയും രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍. ഒട്ടും ശ്രദ്ധയില്ലാതെയാണ് ഇരുവരും വിക്കറ്റ് നഷ്ടപ്പെടുത്തിയതെന്ന് ആരാധകര്‍ വിമര്‍ശിച്ചു. കളിക്കുന്നത് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ആണെന്ന ബോധം ഉണ്ടെങ്കില്‍ ഈ രീതിയില്‍ ഇരുവരും വിക്കറ്റ് നഷ്ടപ്പടുത്തില്ലായിരുന്നെന്നും ആരാധകര്‍.
സ്‌കോട്ട് ബോളന്‍ഡ് എറിഞ്ഞ പന്തിലാണ് ശുഭ്മാന്‍ ഗില്‍ ബൗള്‍ഡ് ആയത്. ഓഫ് സ്റ്റംപില്‍ നിന്ന് വിക്കറ്റിലേക്ക് വന്ന പന്ത് ലീവ് ചെയ്തതാണ് ഗില്ലിന്റെ വിക്കറ്റ് നഷ്ടമാകാന്‍ കാരണം. കമന്റേറ്റര്‍മാര്‍ മുതല്‍ ഓസീസ് താരങ്ങള്‍ വരെ ഗില്ലിന്റെ വിക്കറ്റ് കണ്ട് അത്ഭുതപ്പെട്ടു. വിക്കറ്റിലേക്ക് വരുന്ന പന്ത് ലീവ് ചെയ്ത ഗില്ലിന്റെ രീതിയാണ് എല്ലാവരേയും ആശ്ചര്യപ്പെടുത്തിയത്. ബോളന്‍ഡിന്റെ പന്തുകള്‍ വിക്കറ്റിലേക്ക് ഡീവിയേറ്റ് ചെയ്യുന്നതാണെന്ന് മനസിലാക്കാനുള്ള വിവേകം ഗില്ലിന് ഇല്ലേ എന്നാണ് ആരാധകരുടെ ചോദ്യം. ബോളന്‍ഡിനെ നേരിടാന്‍ കൃത്യമായ മുന്നൊരുക്കം നടത്തിയിരുന്നെങ്കില്‍ ഗില്ലിന് വിക്കറ്റ് നഷ്ടമാകില്ലായിരുന്നു എന്നും ആരാധകര്‍ പറയുന്നു.
ഓഫ് സൈഡില്‍ നിന്ന് വിക്കറ്റിലേക്ക് ഡീവിയേറ്റ് ചെയ്യുന്ന തരത്തിലാണ് ബോളന്‍ഡ് പൊതുവെ പന്തെറിയുക. ഗില്ലിനെതിരെയും തുടര്‍ച്ചയായി ഇത്തരം ബോളുകള്‍ ബോളന്‍ഡ് എറിഞ്ഞിരുന്നു. എന്നിട്ടും അത് മനസിലാക്കി കളിക്കാനുള്ള ശ്രമം ഗില്ലില്‍ നിന്ന് ഉണ്ടായില്ലെന്ന് ആരാധകര്‍ പറയുന്നു.
സമാന രീതിയില്‍ തന്നെയാണ് പുജാരയും പുറത്തായത്. കാമറൂണ്‍ ഗ്രീനിന്റെ പന്തിലാണ് ഇന്ത്യയുടെ നിര്‍ണായക വിക്കറ്റായ പുജാര പുറത്താകുന്നത്. ഔട്ട്‌സൈഡ് ഓഫില്‍ നിന്ന് വിക്കറ്റിലേക്ക് വന്ന പന്ത് പുജാര ലീവ് ചെയ്യുകയായിരുന്നു. ഈ വിക്കറ്റും ഒഴിവാക്കാവുന്നതായിരുന്നെന്ന് ആരാധകര്‍ പറയുന്നു.
അതേസമയം 151-5 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തിയിരിക്കുന്നത്. ഫോളോ ഓണ്‍ ഒഴിവാക്കണമെങ്കില്‍ ഇന്ത്യക്ക് 270 റണ്‍സ് ആകണം. ഫോളോ-ഓണില്‍ നിന്ന് 119 റണ്‍സ് അകലെയാണ് ഇപ്പോഴും ഇന്ത്യ. അജിങ്ക്യ രഹാനെയും കെ.എസ്.ഭരതുമാണ് ഇപ്പോള്‍ ക്രീസില്‍.