ഐതിഹാസികമായ ഒരു വിജയം മാത്രമല്ല ഒട്ടേറെ വലിയ ചർച്ചകളും വിവാദങ്ങളും കൂടിയാണ് ഇക്കഴിഞ്ഞ ഇന്ത്യ- പാകിസ്ഥാൻ ലോകകപ്പ് മത്സരം ബാക്കിയാക്കിയത്. മത്സരത്തിൽ മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ നോബോൾ തീരുമാനവും ഫ്രീഹിറ്റിൽ ഇന്ത്യ ഓടിയെടുത്ത ബൈ റണ്ണുകളുമാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചർച്ച.
ഫ്രീഹിറ്റിൽ കോലി ബൗൾഡ് ആയതിന് ശേഷം ഓടിയെടുത്ത 3 റൺസ് അനുവദിച്ചത് തെറ്റായ തീരുമാനമാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ അഭിപ്രായം പറയുകയാണ് 2004- 2008 വരെ ഐസിസിയുടെ മികച്ച അമ്പയർ പുരസ്കാരം സ്വന്തമാക്കിയ സൈമൺ ടോഫൽ.
മത്സരത്തിൽ അമ്പയർമാരെടുത്ത തീരുമാനം ശരിയാണെന്നാണ് സൈമൺ ടോഫൽ പറയുന്നത്. ഫ്രീഹിറ്റിൽ ബൗൾഡായാൽ അത് പരിഗണിക്കില്ല. അതിനാൽ തന്നെ ആ പന്ത് സ്റ്റമ്പിൽ തട്ടിയതുകൊണ്ട് ഡെഡ് ആയിട്ടില്ല. അതിനാൽ അത് ബൈ വിളിക്കാനുള്ള തീരുമാനമാണ് ശരി. ടോഫൽ പറഞ്ഞു.