ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ഛലും തമ്മിലുള്ള വിവാഹം മാറ്റിവെച്ചത് രാജ്യമാകെ വലിയ വാര്‍ത്തയായിരുന്നു. സ്മൃതിയുടെ അച്ഛന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് വിവാഹം മാറ്റിവെയ്ക്കുന്നതെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ വിവാഹം മാറ്റിവെച്ചതിന് പിന്നാലെ പലാഷ് മറ്റൊരു സ്ത്രീയുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നിരുന്നു. പലാഷ് മറ്റൊരു സ്ത്രീയുമായി ബന്ധം പുലര്‍ത്തി സ്മൃതിയെ പറ്റിക്കുകയായിരുന്നുവെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. ഇപ്പോഴിതാ വിവാഹം വേണ്ടെന്ന് വെച്ചതായി സ്ഥിരീകരണം നേരിട്ട് നല്‍കിയിരിക്കുകയാണ് സ്മൃതി.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം തന്നെയാണ് ഈ വിവരം നേരിട്ട് ആരാധകരെ അറിയിച്ചത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതത്തെ പറ്റിയുള്ള പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഈ അവസരത്തില്‍ പ്രതികരിക്കേണ്ടത് പ്രധാനമാണെന്ന് തോന്നുന്നു. സ്വകാര്യത നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. എങ്കിലും ഈ വിവാഹം വേണ്ടെന്ന് വെച്ചതായി വ്യക്തമാക്കുന്നു. ഇരു കുടുംബങ്ങളുടെയും സ്വകാര്യത മാനിച്ച് ഈ വിഷയം ഇവിടെ അവസാനിപ്പിക്കണമെന്നും മാന്യമായ രീതിയില്‍ വിഷയം കൈകാര്യം ചെയ്യാന്‍ ഇടം നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു.
എന്നെ സംബന്ധിച്ച് എപ്പോഴും രാജ്യത്ത് പ്രതിനിധീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനും ട്രോഫികള്‍ നേടാനും ആഗ്രഹിക്കുന്നു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. മുന്നോട്ട് പോകാനുള്ള സമയമായി. സ്മൃതി മന്ദാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.