KL Rahul: ബുദ്ധിയുള്ള ആരെങ്കിലും രാഹുലിനെ ഔട്ടാക്കുമോ? പഞ്ചാബ് തോല്‍ക്കാനുള്ള കാരണം കണ്ടെത്തി സോഷ്യല്‍ മീഡിയ
വാശിയേറിയ മത്സരത്തില്‍ 56 റണ്‍സിനാണ് ലഖ്‌നൗ ജയിച്ചത്
KL Rahul: ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് തോല്‍ക്കാനുള്ള കാരണം കണ്ടെത്തി സോഷ്യല്‍ മീഡിയ. ലഖ്‌നൗ നായകന്‍ കെ.എല്‍.രാഹുലിനെ വേഗം പുറത്താക്കിയതാണ് പഞ്ചാബിന് തിരിച്ചടിയായതെന്നാണ് കണ്ടെത്തല്‍. രാഹുല്‍ കുറച്ചധികം നേരം ക്രീസില്‍ നിന്നിരുന്നെങ്കില്‍ ലഖ്‌നൗ ഇത്രയധികം റണ്‍സ് നേടില്ലായിരുന്നെന്നും പഞ്ചാബ് ചെയ്ത മണ്ടത്തരത്തിനു വലിയ വില കൊടുക്കേണ്ടി വന്നെന്നും ആരാധകര്‍ പറഞ്ഞു.
വാശിയേറിയ മത്സരത്തില്‍ 56 റണ്‍സിനാണ് ലഖ്‌നൗ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് കിങ്‌സ് 19.5 ഓവറില്‍ 201 റണ്‍സിന് ഓള്‍ഔട്ടായി. കെ.എല്‍.രാഹുല്‍ ഒന്‍പത് പന്തില്‍ 12 റണ്‍സെടുത്ത് പുറത്തായി. തൊട്ടുപിന്നാലെ വന്നവരെല്ലാം ലഖ്‌നൗവിന് വേണ്ടി തകര്‍ത്തടിച്ചു. ഇതാണ് ലഖ്‌നൗവിന്റെ സ്‌കോര്‍ 250 കടത്തിയത്.
ഈ സീസണില്‍ രാഹുലിന്റെ മെല്ലപ്പോക്ക് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. പവര്‍പ്ലേയില്‍ അടക്കം വളരെ സാവധാനം ബാറ്റ് ചെയ്യുന്ന രാഹുല്‍ പലപ്പോഴും ലഖ്‌നൗവിന് തലവേദന സൃഷ്ടിക്കാറുണ്ട്. ഈ സീസണില്‍ രണ്ട് തവണ പവര്‍പ്ലേയില്‍ രാഹുല്‍ മെയ്ഡന്‍ ഓവര്‍ വഴങ്ങുകയും ചെയ്തു. എട്ട് മത്സരങ്ങളില്‍ നിന്ന് 274 റണ്‍സാണ് ഈ സീസണില്‍ രാഹുല്‍ നേടിയത്. അതിന് 239 പന്തുകള്‍ താരം നേരിട്ടു. സ്‌ട്രൈക്ക് റേറ്റ് വെറും 114.64 മാത്രമാണ്.
രാഹുല്‍ കുറച്ചധികം നേരം കൂടി ബാറ്റ് ചെയ്യുകയാണെങ്കില്‍ ലഖ്‌നൗവിന് ഇത്ര വലിയ സ്‌കോര്‍ നേടാന്‍ സാധിക്കില്ലെന്ന് ആരാധകര്‍ തറപ്പിച്ചു പറയുന്നു. രാഹുല്‍ അധികനേരം ക്രീസില്‍ നിന്നാല്‍ ഉറപ്പായും കുറേ പന്തുകള്‍ പാഴാക്കും. അങ്ങനെ വന്നാല്‍ പിന്നാലെ വരുന്ന ബാറ്റര്‍മാര്‍ക്ക് കുറവ് പന്തുകള്‍ മാത്രമേ കളിക്കാന്‍ ലഭിക്കൂ. രാഹുലിന് ഔട്ടാക്കാതെ നോക്കാനുള്ള ബുദ്ധി പഞ്ചാബിന് ഇല്ലാതെ പോയെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.