ഈ ഇന്ത്യന്‍ ടീമിനെ പിടിച്ചുകെട്ടാന്‍ ഓസ്‌ട്രേലിയ പാടുപെടും; ആശംസകളുമായി സൗരവ് ഗാംഗുലി
20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഏകദിന ലോകകപ്പില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ നടക്കാന്‍ പോകുന്നത്
ലോകകപ്പ് ഫൈനലിനു ഒരുങ്ങുന്ന ടീം ഇന്ത്യക്ക് ആശംസകളുമായി മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ അധ്യക്ഷനുമായിരുന്ന സൗരവ് ഗാംഗുലി. ലീഗ് ഘട്ടത്തിലും സെമി ഫൈനലിലും കളിച്ചതു പോലെ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഓസ്‌ട്രേലിയയ്ക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടാകുമെന്ന് ഗാംഗുലി പറഞ്ഞു. തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍ കളിക്കുന്നതെന്നും ടീമിന് എല്ലാ വിജയാശംസകളും നേരുന്നതായും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
' തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ ഇപ്പോള്‍ നടത്തുന്നത്. ഫൈനലിനു എല്ലാവിധ ആശംസകളും നേരുന്നു. ഇന്ത്യക്കും ലോകകപ്പിനും ഇടയില്‍ ഒരു മത്സരവും ഓസ്‌ട്രേലിയയും മാത്രമാണ് ഇപ്പോള്‍ ഉള്ളത്. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച പോലെ ഇന്ത്യ ഫൈനലിലും തുടര്‍ന്നാല്‍ അവരെ പിടിച്ചുകെട്ടുക വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. ഓസ്‌ട്രേലിയയും വളരെ മികച്ച ടീം ആയതിനാല്‍ ഫൈനല്‍ ഗംഭീരമായിരിക്കും,' ഗാംഗുലി പറഞ്ഞു.
20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഏകദിന ലോകകപ്പില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ നടക്കാന്‍ പോകുന്നത്. സൗരവ് ഗാംഗുലി നായകനായ 2003 ലോകകപ്പിലാണ് ഇതിനു മുന്‍പ് ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ നടന്നത്. അന്ന് 125 റണ്‍സിന് ഇന്ത്യ തോറ്റു. റിക്കി പോണ്ടിങ് ആയിരുന്നു ഓസീസ് നായകന്‍.