ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 109 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 348 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ പോരാട്ടം 238 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഇതോടെ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 358, 317 , ശ്രീലങ്ക: 328,238
പരമ്പര നേട്ടത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. നേരത്തെ പെര്‍ത്ത് ടെസ്റ്റില്‍ വിജയിച്ചതോടെ ഒന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ രണ്ടാം ടെസ്റ്റിലെ പരാജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങി. അഡലെയ്ഡ് ടെസ്റ്റിലെ വിജയത്തോടെ ഓസ്ട്രേലിയയാണ് പട്ടികയില്‍ രണ്ടാമതുള്ളത്.
കേശവ് മഹാരാജിന്റെ 5 വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്ങ്സില്‍ ശ്രീലങ്കന്‍ പ്രതീക്ഷകള്‍ തകര്‍ത്തത്. ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വ അര്‍ധസെഞ്ചുറി(50) നേടി, കുശാല്‍ മെന്‍ഡിസ്(46), കാമിന്ദു മെന്‍ഡിസ്(35) എന്നിവര്‍ പൊരുതിയെങ്കിലും വിജയത്തിന് അത് തികയുമായിരുന്നില്ല. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്ങ്സില്‍ റയാന്‍ റിക്കല്‍ടന്റെ കന്നി സെഞ്ചുറിയുടെയും കെയ്ല്‍ വെരെയ്ന്റെ സെഞ്ചുറി പ്രകടനത്തിന്റെയും മികവില്‍ 358 റണ്‍സാണ് നേടിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്ങ്സ് 328 റണ്‍സിന് അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്ങ്സില്‍ 317ന് ദക്ഷിണാഫ്രിക്ക പുറത്തായതോടെ 348 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്ക് മുന്നിലുണ്ടായിരുന്നത്.