ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണുമൊത്തുള്ള അഭിമുഖത്തിനിടെ മലയാളം പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ്. സഞ്ജുവുമായി തന്റെ യുട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് ഡിവില്ലിയേഴ്‌സ് മലയാളം സംസാരിച്ചത്. ഇത് കേട്ട് ഞെട്ടുന്ന സഞ്ജുവിനെ വീഡിയോയിൽ കാണാം. എടാ മോനെ, സൂപ്പറല്ലെ എന്ന് ഡിവില്ലിയേഴ്‌സ് സഞ്ജുവിനോടു ചോദിക്കുന്നത്. മാതൃഭാഷ മലയാളമാണെന്ന് സഞ്ജു പറഞ്ഞപ്പോഴായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഈ പ്രതികരണം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജു സെഞ്ച്വറി നേടിയപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നും അഭിമുഖത്തില്‍ ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഇത് ഏറെ സന്തോഷത്തോടെയാണ് സഞ്ജു കേട്ടിരുന്നത്. ഒഴുക്കിനൊപ്പം നീന്താനാണ് തനിക്കിഷ്ടമെന്നും ടി 20 യില്‍ അതാണ് ചെയ്യാന്‍ പറ്റുന്ന കാര്യമെന്നും സഞ്ജു ഡിവില്ലിയേഴ്‌സിനോട് വ്യക്തമാക്കി. കൂടുതല്‍ ചിന്തിക്കാന്‍ പോയാല്‍ അത് പ്രശ്‌നമാണ്. അതിനാല്‍ ആധിപത്യം സ്ഥാപിച്ച് കളിക്കാന്‍ ആ ഫോര്‍മാറ്റില്‍ ഞാന്‍ ഇഷ്ടപെടുന്നു. കുറഞ്ഞ സമയത്തിന് ഉള്ള് ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട ഫോർമാറ്റാണ്. അതുകൊണ്ട് ശൈലി മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു.
2024 സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു. ഇത്രയും വര്‍ഷത്തെ കരിയറില്‍ തന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു സഞ്ജു നടത്തിയത്. എന്തുകൊണ്ടാണ് പലരും ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനനായ ബാറ്ററായി തരാതെ മുദ്രകുത്തിയത് എന്ന് വര്‍ഷങ്ങളായി പറയുന്നവരെ സഞ്ജു ഒടുവില്‍ ന്യായീകരിച്ചു. എന്തായാലും വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ സഞ്ജു തന്റെ ഭാവി സുരക്ഷിതം ആക്കാനുള്ള ശ്രമത്തില്‍ സഞ്ജു വിജയിച്ചു.