ജമൈക്കയിലെ സബീന പാര്‍ക്കില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന മൂന്നാം ടെസ്റ്റില്‍ തീപ്പാറുന്ന പ്രകടനവുമായി വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഓസീസ് പേസര്‍മാര്‍. മത്സരത്തില്‍ വിജയലക്ഷ്യമായ 204 റണ്‍സ് നേടാനായി ഇറങ്ങിയ വെസ്റ്റിന്‍ഡീസ് നിരയെ വെറും 27 റണ്‍സിനാണ് ഓസീസ് ബൗളര്‍മാര്‍ മടക്കിയത്. ഇതോടെ മത്സരത്തില്‍ 176 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. വിജയത്തോടെ പരമ്പര 3-0ത്തിന് സ്വന്തമാക്കാനും ഓസ്‌ട്രേലിയക്കായി.
തന്റെ നൂറാം ടെസ്റ്റ് മറ്റ്ഷരം കളിക്കാനിറങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്ക് വെറും 2.3 ഓവറിലാണ് 5 വിക്കറ്റ് നേട്ടം മത്സരത്തില്‍ കുറിച്ചത്. 7.3 ഓവറില്‍ വെറും 9 റണ്‍സ് വിട്ടുകൊടുത്ത് 6 വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് മത്സരത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേട്ടമെന്ന റെക്കോര്‍ഡും കുറിച്ചു. ഇതോടെ ടെസ്റ്റില്‍ 400 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന നാലാമത്തെ മാത്രം ഓസ്‌ട്രേലിയന്‍ താരമായി സ്റ്റാര്‍ക്ക് മാറി. ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മക്ഗ്രാത്ത്, നഥന്‍ ലിയോണ്‍ എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റ് ബൗളര്‍മാര്‍. അതേസമയം സ്റ്റാര്‍ക്കിന്റെ 6 വിക്കറ്റ് നേട്ടത്തിനിടെ ഹാട്രിക് നേട്ടവുമായി സ്‌കോട്ട് ബോളണ്ടും തിളങ്ങി. ജസ്റ്റിന്‍ ഗ്രീവ്‌സിനെ രണ്ടാം സ്ലിപ്പില്‍ ബോ വെബ്സ്റ്റര്‍ക്ക് കയ്യിലാക്കി ആദ്യ വിക്കറ്റ് വീഴ്ത്തിയ ബോളണ്ട്, അടുത്ത പന്തില്‍ ഷമാര്‍ ജോസഫിനെ എല്‍ബിഡബ്ല്യു ആയി പുറത്താക്കി. പിന്നെയെത്തിയ ജോമല്‍ വാറിക്കനെ തകര്‍പ്പന്‍ പേസില്‍ ക്ലീന്‍ ബൗള്‍ ചെയ്തുകൊണ്ടാണ് ബോളണ്ട് തന്റെ ഹാട്രിക് തികച്ചത്. ജോഷ് ഹേസല്‍വുഡിനാണ് അവശേഷിച്ച ഒരു വിക്കറ്റ്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു ടീമിന്റെ ഏറ്റവും മോശപ്പെട്ട രണ്ടാമത്തെ ടോട്ടലാണ് വെസ്റ്റിന്‍ഡീസിന്റെ 27 റണ്‍സ്. 1955ല്‍ ന്യൂസിലന്‍ഡ് 26 റണ്‍സിന് ഓളൗട്ടായിരുന്നു. ഈ റെക്കോര്‍ഡ് തകര്‍ക്കാതെ രക്ഷപ്പെട്ടു എന്നത് മാത്രമാണ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് ആശ്വസിക്കാനായിട്ടുള്ളത്. അതേസമയം ബൗളര്‍മാര്‍ പോരാടിയെങ്കിലും ബാറ്റര്‍മാര്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടതാണ് പരമ്പര നഷ്ടമാകാന്‍ കാരണമെന്ന് വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ റോയ്സ്റ്റന്‍ ചേസ് മത്സരശേഷം പറഞ്ഞു.