Australia vs West Indies, 3rd Test: 90 ബോള്‍ തികച്ചുനില്‍ക്കാതെ വെസ്റ്റ് ഇന്‍ഡീസ്, 27 നു ഓള്‍ഔട്ട്; എന്തൊരു ഗതികേടെന്ന് ക്രിക്കറ്റ് ആരാധകര്‍
രണ്ടാം ഇന്നിങ്‌സില്‍ 90 ബോള്‍ തികച്ചുനില്‍ക്കാന്‍ വിന്‍ഡീസിനു സാധിച്ചില്ല
Australia vs West Indies, 3rd Test: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനു നാണംകെട്ട തോല്‍വി. 204 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് വെറും 27 റണ്‍സില്‍ ഓള്‍ഔട്ട് ആയി.
രണ്ടാം ഇന്നിങ്‌സില്‍ 90 ബോള്‍ തികച്ചുനില്‍ക്കാന്‍ വിന്‍ഡീസിനു സാധിച്ചില്ല. 24 പന്തില്‍ 11 റണ്‍സ് നേടിയ ജസ്റ്റിന്‍ ഗ്രീവ്‌സ് മാത്രമാണ് വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ രണ്ടക്കം കണ്ടത്. ഏഴ് വിന്‍ഡീസ് താരങ്ങള്‍ പൂജ്യത്തിനു പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്കായി ആറ് വിക്കറ്റുകള്‍ വീഴ്ത്തി. സ്‌കോട്ട് ബോളണ്ടിനു മൂന്നും ജോഷ് ഹെയ്‌സല്‍വുഡിനു ഒരു വിക്കറ്റും.
ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 225 നു ഓള്‍ഔട്ട് ആകുകയായിരുന്നു. വിന്‍ഡീസിനു ഒന്നാം ഇന്നിങ്‌സില്‍ 143 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 82 റണ്‍സിന്റെ ലീഡെഡുത്തു. ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ 121 നു ഓള്‍ഔട്ട് ആകുകയായിരുന്നു.
മൂന്ന് ടെസ്റ്റുകളുടെ പരമ്പര 3-0 ത്തിനു ഓസ്‌ട്രേലിയ സ്വന്തമാക്കി. ഒന്നാം ടെസ്റ്റില്‍ 159 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ 133 റണ്‍സിനുമാണ് ഓസീസിന്റെ ജയം.
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടീം ടോട്ടല്‍ എന്ന നാണക്കേടിന്റെ റെക്കോര്‍ഡ് വിന്‍ഡീസിന്റെ പേരിലായി. 1955 ല്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡ് 26 നു ഓള്‍ഔട്ട് ആയതാണ് ഒന്നാം സ്ഥാനത്ത്.