ഇന്ത്യന്‍ വനിതാ ടീമിന്റെ ലോകകപ്പ് വിജയം ഇന്ത്യയെങ്ങും ആഘോഷിക്കുകയാണ്. ലോകകപ്പ് വിജയത്തിന് ശേഷം സര്‍ക്കാരുകളും പരസ്യബ്രാന്‍ഡുകളും വരെ ഇപ്പോള്‍ വനിതാ താരങ്ങള്‍ക്ക് പിന്നാലെയാണ്. പല കമ്പനികളും വലിയ സമ്മാനത്തുകകളും മറ്റുമാണ് താരങ്ങള്‍ക്ക് ഓഫര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകളോ സമ്മാനങ്ങളോ ലഭിച്ചില്ലെങ്കില്‍ നിരാശരാകരുതെന്ന് ഹര്‍മന്‍ പ്രീത് കൗറിനും സംഘത്തിനും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സുനില്‍ ഗവാസ്‌കര്‍.
ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന് 40 കോടി രൂപയാണ് ഐസിസി നല്‍കുന്ന സമ്മാനത്തുക. ഇതിന് പുറമെ 51 കോടി രൂപയാണ് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചത്. റിച്ച ഘോഷ്, ഹര്‍മന്‍പ്രീത് കൗര്‍ തുടങ്ങിയ പല താരങ്ങള്‍ക്കും വിവിധ സംസ്ഥാന സര്‍ക്കാരുകളും പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പല വാഗ്ദാനങ്ങളും ലഭിച്ചേക്കും ഇതില്‍ പലതും പബ്ലിസിറ്റിക്ക് വേണ്ടി ബ്രാന്‍ഡുകളും വ്യക്തികളും ചെയ്യുന്നതാകാമെന്നാണ് ഗവാസ്‌കറിന്റെ മുന്നറിയിപ്പ്.
ഇന്ത്യയില്‍ പരസ്യദാതാക്കളും, ബ്രാന്‍ഡുകളും, വ്യക്തികളും ചുളുവില്‍ പബ്ലിസിറ്റി ലഭിക്കാനായി ശ്രമിക്കുകയാണ്. ടീമിനെ അഭിനന്ദിക്കുന്ന പരസ്യങ്ങളും ഹോള്‍ഡിങ്ങുകളുമെല്ലാം അവര്‍ തങ്ങളുടെ ബ്രാന്‍ഡിനെ വളര്‍ത്താന്‍ ചെയ്യുന്നതാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് മഹതേം കൊണ്ടുവന്നവര്‍ക്ക് അവര്‍ ഒന്നും നല്‍കില്ല. മിഡ് ഡേയില്‍ എഴുതിയ കോളത്തില്‍ ഗവാസ്‌കര്‍ പറയുന്നു. 1983ല്‍ ലോകകപ്പ് നേടിയപ്പോള്‍ ഇന്ത്യന്‍ പുരുഷ ടീമിന് ഇത്തരത്തില്‍ കവറേജും പല ഓഗറുകളും ലഭിച്ചിരുന്നെന്നും ഇതില്‍ മിക്കവയും വെറുതെയായിരുന്നെന്നും ഗവാസ്‌കര്‍ പറയുന്നു.