ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കൊടുങ്കാറ്റായി സുനിൽ നരെയ്‌ൻ. ചലഞ്ചേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ ഓപ്പണിങ് ബാറ്റിങ്ങിനിറങ്ങിയ നരെയ്‌ൻ 13 പന്തിലാണ് അർധസെഞ്ചുറി കണ്ടെത്തിയത്. ഇതോടെ ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഫിഫ്‌റ്റി നരെയ്‌ൻ തന്റെ പേരിൽ കുറിച്ചു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയുടെ റെക്കോര്‍ഡും പേരിലാക്കി.
നരെയ്‌ന്‍റെ ബാറ്റിംഗ് കരുത്തില്‍ വിക്‌ടോറിയന്‍സ്, ചലഞ്ചേഴ്‌സ് മുന്നോട്ടുവെച്ച 149 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍ മറികടന്നു. അഞ്ച് ഫോറും ആറ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു നരെയ്‌ന്റെ ഇന്നിങ്‌സ്. ആദ്യ പന്തിൽ റൺസ് എടുക്കാതിരുന്ന നരെയ്ൻ തുടർന്നുള്ള പന്തുകളിൽ നേടിയ റൺസ് ഇങ്ങനെ.6, 4, 4, 6, 6, 4, 6, Dot, 4, 6, 1, 6.
പുറത്താകുമ്പോൾ 16 പന്തിൽ 57 റൺസാണ് താരം സ്വന്തമാക്കിയത്.ഇന്ത്യയുടെ യുവ്‌രാജ് സിംഗിന്‍റെയും വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌സിന്‍റെയും അഫ്‌ഗാന്‍റെ ഹസ്രത്തുള്ള സസായിയുടേയും പേരിലാണ് കുട്ടിക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയുടെ റെക്കോർഡ്.
യുവി 2007ല്‍ ഇംഗ്ലണ്ടിനെതിരെ തന്‍റെ വിഖ്യാതമായ ഇന്നിംഗ്‌സില്‍ 12 പന്തില്‍ ഫിഫ്റ്റി തികച്ചു. ഗെയ്‌ൽ ബിഗ് ബാഷ് ലീഗിൽ 2016ലാണ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ഹസ്രത്തുള്ള സസായി 2018ല്‍ കാബുള്‍ സ്വനാന്‍-ബല്‍ക് ലെജന്‍ഡ്‌സ് മത്സരത്തിലാണ് 12 പന്തിൽ അർധസെഞ്ചുറി കണ്ടെത്തിയത്.