ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഫോമിലേക്ക് തിരിച്ചെത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ 90 പന്തില്‍ 119 റണ്‍സാണ് രോഹിത് നേടിയത്. 7 സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ പ്രകടനം. ന്യൂസിലന്‍ഡിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയും നടന്ന ടെസ്റ്റ് പരമ്പരകളില്‍ ദയനീയമായ പ്രകടനങ്ങള്‍ നടത്തിയ രോഹിത്തിന് ഏറെ ആശ്വാസം നല്‍കുന്നതാണ് ഇംഗ്ലണ്ടിനെതിരായ സെഞ്ചുറി പ്രകടനം.
മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഗില്‍- രോഹിത് സഖ്യം നല്‍കിയത്. ഇരുവരും ചേര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുക്കെട്ട് 136 നേടിയാണ് വേര്‍പിരിഞ്ഞത്. നിരവധി പേരാണ് മത്സരത്തിലെ രോഹിത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഇതില്‍ ഇന്ത്യന്‍ ടി20 നായകനും മുംബൈ ഇന്ത്യന്‍സ് ടീമിലെ സഹതാരവുമായ സൂര്യകുമാര്‍ യാദവുമുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സൂര്യ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ. നല്ല മനുഷ്യര്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കും. ദൈവം മഹാനാണ്.