Rohit Sharma: 'ആരാടാ ഫോം ഔട്ട്'; കട്ടക്കില്‍ കാട്ടുതീയായി ഹിറ്റ്മാന്‍, 76 പന്തില്‍ സെഞ്ചുറി
രോഹിത് ഫോം വീണ്ടെടുത്തത് ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കുന്നതാണ്
Rohit Sharma: കട്ടക്കില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു സെഞ്ചുറി. 76 പന്തില്‍ ഒന്‍പത് ഫോറും ഏഴ് സിക്‌സും സഹിതമാണ് രോഹിത് സെഞ്ചുറി തികച്ചത്. വ്യക്തിഗത സ്‌കോര്‍ 96 ല്‍ നില്‍ക്കെ ആദില്‍ റാഷിദിനെ അതിര്‍ത്തി കടത്തിയാണ് ഹിറ്റ്മാന്റെ സെഞ്ചുറി. രോഹിത്തിന്റെ ഏകദിന കരിയറിലെ 32-ാം സെഞ്ചുറിയാണിത്. 90 പന്തില്‍ 12 ഫോറും ഏഴ് സിക്‌സും സഹിതം 119 റണ്‍സെടുത്ത് രോഹിത് പിന്നീട് പുറത്തായി.
2023 ലെ ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ 63 ബോളില്‍ നേടിയ സെഞ്ചുറിയാണ് രോഹിത്തിന്റെ ഏറ്റവും വേഗമേറിയ ഏകദിന സെഞ്ചുറി. കട്ടക്കിലെ സെഞ്ചുറി രണ്ടാം സ്ഥാനത്താണ്.
30 പന്തില്‍ നിന്ന് നാല് ഫോറും നാല് സിക്‌സും സഹിതമാണ് രോഹിത് കട്ടക്കില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പിന്നീട് സെഞ്ചുറിയിലേക്ക് എത്താന്‍ എടുത്തത് 46 പന്തുകള്‍. രോഹിത് ഫോം വീണ്ടെടുത്തത് ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കുന്നതാണ്. നാഗ്പൂരില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഏഴ് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് രോഹിത്തിനു നേടാന്‍ സാധിച്ചത്.