ടി 20 ലോകകപ്പില്‍ പാക്കിസ്ഥാനെ നേരിടാന്‍ ഇന്ത്യന്‍ ക്യാംപില്‍ ഒരുക്കങ്ങള്‍ തകൃതി. നിര്‍ണായക തീരുമാനങ്ങളെടുക്കുന്നത് നാല്‍വര്‍ സംഘം. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി, മെന്റര്‍ മഹേന്ദ്രസിങ് ധോണി, നായകന്‍ വിരാട് കോലി, ഉപനായകന്‍ രോഹിത് ശര്‍മ എന്നിവര്‍ ഒരുമിച്ചാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും തീരുമാനങ്ങളെടുക്കുന്നതും. പിച്ചിന്റെ സ്വഭാവം പഠിക്കല്‍, ടോസില്‍ എടുക്കേണ്ട തീരുമാനം, പ്ലേയിങ് ഇലവന്‍, ആറാം ബൗളര്‍ തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നത്. എല്ലാ ചര്‍ച്ചകളിലും രോഹിത് ശര്‍മയെ കോലി ഒപ്പം കൂട്ടുന്നുണ്ട്. കോലിയും രോഹിത്തും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ ക്യാംപില്‍ ഇരുവരും കൂടുതല്‍ സമയവും ഒന്നിച്ചാണ് ചെലവഴിക്കുന്നത്. ടീം അംഗങ്ങളെ ഗ്രൗണ്ടില്‍ പരിശീലനത്തിനു സഹായിക്കുന്നത് കൂടുതലും ധോണിയാണ്. കീപ്പിങ്, ബാറ്റിങ് പരിശീലനത്തിനാണ് ധോണി മേല്‍നോട്ടം വഹിക്കുന്നത്.