ഐപിഎല്ലിന് ശേഷം പേശികൾക്ക് അപൂർവരോഗം ബാധിച്ചു, കൂടെ നിന്നത് അവർ മാത്രം, തുറന്ന് പറഞ്ഞ് തിലക് വർമ
ഗൗരവ് കപൂറുമായുള്ള സംഭാഷണത്തിനിടെയാണ് തിലക് വര്‍മ ഇക്കാര്യങ്ങള്‍ തുറന്ന് സംസാരിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തന്റെ ആദ്യ സീസണിന് ശേഷം അപൂര്‍വരോഗം ബാധിച്ച ദിവസങ്ങളെ പറ്റി മനസ്സ് തുറന്ന് ഇന്ത്യന്‍ യുവതാരം തിലക് വര്‍മ. 2022 സീസണിന് ശേഷം തന്റെ പേശികളെ ഗുരുതരമായ രോഗം ബാധിച്ചുവെന്നും മുംബൈ ഇന്ത്യന്‍സ് ടീമും ആകാശ് അംബാനിയും ബിസിസിഐയും ജയ് ഷായുമാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ തനിക്കൊപ്പം നിന്നതെന്നും തിലക് വര്‍മ പറയുന്നു. ഗൗരവ് കപൂറുമായുള്ള സംഭാഷണത്തിനിടെയാണ് തിലക് വര്‍മ ഇക്കാര്യങ്ങള്‍ തുറന്ന് സംസാരിച്ചത്.
ഇക്കാര്യങ്ങള്‍ ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. എന്റെ ആദ്യത്തെ ഐപിഎല്‍ സീസണിന് ശേഷം എനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പേശികളെ ബാധിക്കുന്ന റാബ്‌ഡോമയോളിസിസ് എന്ന അപൂര്‍വ രോഗമാണ് ബാധിച്ചത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹത്തില്‍ ആ സമയത്ത് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനാണ് പോയത്. വിശ്രമമില്ലാതെ ജിമ്മില്‍ പോയി. ഫിറ്റ്‌നസ് നിലനിര്‍ത്തുക മാത്രമായിരുന്നു അപ്പോഴത്തെ ലക്ഷ്യം.
വിശ്രമിക്കേണ്ട സമയങ്ങളില്‍ പോലും ജിമ്മില്‍ പോയത് എന്റെ പേശികളുടെ അവസ്ഥ മോശമാക്കി. ബംഗ്ലാദേശിനെതിരെ ഒരു മത്സരത്തിനിടെ കൈകള്‍ പോലും അനക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. എന്റെ അവസ്ഥ അറിഞ്ഞ മുംബൈ ഇന്ത്യന്‍സ് ഉടമ ആകാശ് അംബാനിയാണ് ഈ വിവരം ജയ് ഷായെ അറിയിച്ചത്. അങ്ങനെ ജയ് ഷായും ബിസിസിഐയും ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞിരുന്നെങ്കില്‍ വലിയ ദുരന്തത്തില്‍ അവസാനിച്ചേനെ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. തിലക് വര്‍മ കൂട്ടിച്ചേര്‍ത്തു.