കണക്കില്‍ കോഹ്‌ലി ഏറ്റവും പിന്നില്‍; ധോണിയുടെ പിന്തുണ സ്വന്തമാക്കി വിരാട് - ലക്ഷ്യം പെട്ടിയില്‍ വീഴുന്ന കോടികള്‍
കണക്കില്‍ കോഹ്‌ലി ഏറ്റവും പിന്നില്‍; ധോണിയുടെ പിന്തുണ സ്വന്തമാക്കി വിരാട്
താരങ്ങളുടെ വേതനം വര്‍ദ്ധിപ്പിക്കണമെന്ന അവശ്യം ശക്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും മഹേന്ദ്ര സിംഗ് ധോണിയും ബിസിസിഐക്ക് മുമ്പില്‍ എത്തുമ്പോള്‍ ലക്ഷ്യം വയ്‌ക്കുന്നത് കോടികള്‍. ബിസിസിഐയും സ്റ്റാര്‍ ഗ്രൂപ്പും തമ്മില്‍ 250 കോടി ഡോളറിന്റെ കരാര്‍ ഉണ്ടാക്കിയതാണ് താരങ്ങളെ ചൊടിപ്പിച്ചത്.
ബിസിസിഐ സാമ്പത്തിക നേട്ടമുണ്ടാക്കുമ്പോള്‍ അതിന്റെ നേട്ടം താരങ്ങള്‍ക്കു കൂടി ലഭിക്കണമെന്നാണ് ധോണിയുടെയും കോഹ്‌ലിയുടെയും ആവശ്യം. വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ ചേരുന്ന ബിസിസിഐ യോഗത്തില്‍ വേതനം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ധോണിയും കോഹ്‌ലിയും ഉന്നയിക്കും.
ബിസിസിഐ ഭരണ സമിതി തലവന്‍ വിനോദ് റായിയെ താരങ്ങള്‍ കാണുന്നുണ്ട്. ഈ കൂടിക്കാഴ്‌ചയില്‍ വേതന വര്‍ദ്ധനവ് സംബന്ധിച്ച കാര്യം ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐയുമായുള്ള താരങ്ങളുടെ കരാര്‍ സെപ്‌റ്റംബര്‍ 30ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ താരങ്ങളുടെ വിലപേശലിന് ബിസിസിഐ വഴങ്ങിയേക്കും.
സമ്പത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലാത്ത ബിസിസിഐ ഈ വർഷമാദ്യം കോഹ്‌ലിയുള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചിരുന്നുവെങ്കിലും വേതനം പോരെന്ന് രവിശാസ്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, വേതനത്തിന്റെ കാര്യത്തിൽ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിന്റെയും ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്റെയും പിന്നിലാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍.
വേതനത്തിന്റെ കാര്യത്തില്‍ പിന്നിലാണെങ്കിലും പരസ്യവരുമാനവും ഐപിഎൽ വരുമാനവും ഉൾപ്പെടെ വർഷം 94 കോടിയോളം രൂപ കൈപ്പറ്റുന്ന കോഹ്‌ലിയുടെ അടുത്തെത്തുന്ന ഒരു താരവും ക്രിക്കറ്റിലില്ല. കോഹ്‍ലിയുടെ വാർഷിക വരുമാനം 6.5 കോടി രൂപയില്‍ ഒതുങ്ങുമ്പോള്‍ സ്‌മിത്ത് 9.5 കോടി രൂപ സ്വന്തമാക്കുന്നുണ്ട്. 8.9 കോടി രൂപയാണ് റൂട്ടിന്റെ ഏകദേശവരുമാനം.
വരുമാനത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ബിസിസിഐ ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്‍കുന്ന ശമ്പളം വളരെ കുറവാണെന്ന വിലയിരുത്തല്‍ ശരിയായിരിക്കുകയാണ് സ്‌മിത്തിന്റെയും റൂട്ടിന്റെയും വേതനം സംബന്ധിച്ച വിവരം പുറത്തുവന്നതിലൂടെ വ്യക്തമായത്. ഈ സാഹചര്യത്തിലാണ് വേതനം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഇന്ത്യന്‍ താരങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.