Virat Kohli: 'കോലി ഇഫക്ട്'; രഞ്ജി ട്രോഫി മത്സരം ജിയോ സിനിമാസില്‍ തത്സമയം
ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക
Virat Kohli: 12 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ താരം വിരാട് കോലി രഞ്ജി ട്രോഫിയിലേക്ക് തിരിച്ചെത്തുന്നത് ആഘോഷമാക്കാന്‍ ജിയോ സിനിമാസും. വ്യാഴാഴ്ച (ജനുവരി 30) ആരംഭിക്കുന്ന ഡല്‍ഹി - റെയില്‍വെയ്‌സ് രഞ്ജി മത്സരം ജിയോ സിനിമാസില്‍ തത്സമയം സംപ്രേഷണം ചെയ്യും.
ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. രാവിലെ 9.30 നു കളി ആരംഭിക്കും. ഡല്‍ഹിക്കു വേണ്ടി കളത്തിലിറങ്ങുന്ന വിരാട് കോലി തന്നെയായിരിക്കും മത്സരത്തിലുടനീളം ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധാകേന്ദ്രം.
ഡല്‍ഹി ടീമിനൊപ്പം കോലി പരിശീലനം തുടരുകയാണ്. പരിശീലന സെഷനില്‍ വളരെ കൂളായാണ് കോലി സഹതാരങ്ങള്‍ക്കൊപ്പം ചെലവഴിച്ചത്. ടീമിനൊപ്പം പരിശീലനത്തിനു ഇറങ്ങാമെന്ന് ഡല്‍ഹി മുഖ്യ പരിശീലകന്‍ ശരണ്‍ദീപ് സിങ്ങിനെ കോലി അറിയിച്ചിരുന്നു. കോലിയെ പോലൊരു താരം ഒപ്പമുണ്ടാകുന്നത് ഡല്‍ഹി താരങ്ങള്‍ക്ക് മികച്ച അനുഭവമായിരിക്കുമെന്ന് ശരണ്‍ദീപ് സിങ് പറഞ്ഞു. ഡല്‍ഹി താരങ്ങള്‍ക്കൊപ്പം കോലി സര്‍ക്കിള്‍ ഫുട്ബോള്‍ കളിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
റെയില്‍വെയ്സിനെതിരായ മത്സരത്തില്‍ ഡല്‍ഹിയെ നയിക്കാന്‍ കോലിയോടു മാനേജ്മെന്റ് ആവശ്യപ്പെട്ടെങ്കിലും താരം ഈ ഓഫര്‍ നിരസിച്ചു. റിഷഭ് പന്തിന്റെ അസാന്നിധ്യത്തില്‍ റെയില്‍വെയ്സിനെതിരായ മത്സരത്തില്‍ ക്യാപ്റ്റനാകാമോ എന്നായിരുന്നു ഡല്‍ഹി മാനേജ്മെന്റ് കോലിയോടു ചോദിച്ചത്. എന്നാല്‍ ജൂനിയര്‍ താരത്തിനു കീഴില്‍ കളിക്കാന്‍ താന്‍ തയ്യാറാണെന്നും ക്യാപ്റ്റന്‍സി വേണ്ടെന്നും കോലി നിലപാടെടുത്തു. കോലി ക്യാപ്റ്റന്‍സി നിഷേധിച്ച സാഹചര്യത്തില്‍ ആയുഷ് ബദോനി തന്നെയായിരിക്കും റെയില്‍വെയ്സിനെതിരായ മത്സരത്തില്‍ ഡല്‍ഹിയെ നയിക്കുക.